child

കൊച്ചി : നാടൊന്നാകെ കരങ്ങൾ കോർത്ത് മംഗലാപുരത്ത് നിന്ന് എറണാകുളം അമൃത ആശുപത്രിയിലെത്തിച്ച 17 ദിവസം പ്രായമുള്ള കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ നടത്തി. ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച് ഏഴുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വൈകിട്ട് നാലിനാണ് അവസാനിച്ചത്. കാർഡിയോ പൾമൊണറി ബൈപാസിലൂടെയായിരുന്നു ശസ്ത്രക്രിയ. ഹൃദയവാൽവിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിലെ ദ്വാരം അടയ്‌ക്കുകയും ചെയ്‌തു. മഹാധമനിയുടെ വൈകല്യങ്ങൾ തീർത്തു. എങ്കിലും അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. കുഞ്ഞിനെ ഐ.സി.യുവിൽ നിരീക്ഷിക്കും.

അമൃത ആശുപത്രിയിലെ പ്രശസ്ത പീഡിയാട്രിക് കാർഡിയോളജിസ്റ്റുമാരായ ഡോ. ബ്രിജേഷിന്റെയും ഡോ. ആർ. കൃഷ്ണകുമാറിന്റെയും നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാസർകോട് ഉദുമ സ്വദേശി മിത്താഹിന്റെയും സാനിയയുടെയും ആൺകുഞ്ഞിനെ അതീവഗുരുതരാവസ്ഥയിൽ അമൃതയിൽ എത്തിച്ചത്.