കൊച്ചി: ബി.എസ്‌സി നഴ്സിംഗ് പഠനത്തിന്റെ ഭാഗമായ ഇന്റേൺഷിപ്പ് ഒഴിവാക്കിയ സർക്കാർ ഉത്തരവും ഇതിനനുസരിച്ച് സർവകലാശാലകൾ സിലബസ് പരിഷ്കരിച്ചതും ഹൈക്കോടതി ശരിവച്ചു.

സർക്കാർ ഉത്തരവും തുടർ നടപടികളും നിയമപരമാണെന്നും സ്വേച്ഛാപരമല്ലെന്നും വ്യക്തമാക്കിയ സിംഗിൾബെഞ്ച് ഇന്റേൺഷിപ്പ് ഒഴിവാക്കിയതിനെതിരായ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷന്റെ ഹർജി തള്ളി.

ഒരു വർഷത്തെ ഇന്റേൺഷിപ്പ് അനിവാര്യമാണെന്നും അല്ലെങ്കിൽ മുൻപരിചയമില്ലാത്തവരെ നഴ്സുമാരായി നിയമിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും ആയിരുന്നു ഹർജിക്കാരുടെ വാദം. ഇത്തരമൊരുത്തരവ് ഇറക്കാൻ സർക്കാരിന് അധികാരമില്ലെന്നും സർക്കാർ ഉത്തരവിനെ തുടർന്ന് സിലബസ് പരിഷ്കരിക്കുന്നതിനടക്കം നടപടിയെടുത്തത് സർവകലാശാലകളുടെ സ്വതന്ത്രാധികാരത്തെ ബാധിക്കുന്നതാണെന്നും ഹർജിക്കാർ വാദിച്ചു.

പഠനത്തിന്റെ ഭാഗമായി വേണ്ടത്ര തിയറി ക്ളാസുകളും പ്രാക്ടിക്കൽ ക്ളാസുകളും ഇവർക്ക് ലഭിക്കുന്നുണ്ടെന്നും പുറമേ പ്രത്യേക പരിശീലനം ആവശ്യമില്ലെന്നും കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ വ്യക്തമാക്കി. ബി.എസ്‌സി നഴ്സിംഗ് പൂർത്തിയാക്കി രജിസ്ട്രേഷൻ നേടിയവരെയല്ലാതെ മറ്റാരെയും ഇന്റേൺഷിപ്പിന്റെ പേരിൽ നിയമിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. സർക്കാർ ഉത്തരവിലൂടെ ഇന്റേൺഷിപ്പ് ഒഴിവാക്കിയെങ്കിലും ഒരുവർഷമെങ്കിലും പ്രവൃത്തിപരിചയം ഇല്ലാത്തവരെ നിയമിക്കേണ്ടെന്ന് അസോസിയേഷൻ തീരുമാനിച്ചിരുന്നു. കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ ഇതിലിടപെട്ടു. നഴ്സിംഗ് ബിരുദ കോഴ്സ് പാസായവർക്ക് നിയമനം നൽകണമെന്നും ഇന്റേൺഷിപ്പ് ആവശ്യമില്ലെന്നും കൗൺസിൽ ഉത്തരവിറക്കി. ഇൗ ഉത്തരവും നിയമപരമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ഒരു വർഷത്തെ ഇന്റേൺഷിപ്പ് അനുഷ്ഠിച്ചവരെ നിയമിച്ചാൽ മതിയെന്ന അസോസിയേഷന്റെ തീരുമാനം അധികൃതരുടെ അധികാരത്തിന്മേലുള്ള ഇടപെടലാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. സർക്കാരിന്റെ ഉത്തരവ് നിയമപരമാണ്. ഇതനുസരിച്ച് തീരുമാനമെടുക്കാൻ സർവകലാശാലകൾക്ക് സ്വാതന്ത്ര്യമുണ്ട്. പാഠ്യപദ്ധതി പ്രകാരം പഠനകാലത്തു തന്നെ പ്രായോഗിക പരിശീലനം പൂർത്തിയാക്കുന്നതിനാൽ പഠനശേഷം ഇന്റേൺഷിപ്പ് വേണ്ടെന്ന കൗൺസിൽ ഉത്തരവ് നിയമപരമാണെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.