കൊച്ചി: മയക്കുമരുന്ന് മാഫിയയുടെ മൂന്ന് രഹസ്യ കേന്ദ്രങ്ങളിൽ എക്സൈസിന്റെ മിന്നൽ പരിശോധനയിൽ മാരക ലഹരി മരുന്നുകൾ പിടിച്ചെടുത്തു. അഞ്ച് യുവാക്കളും അറസ്‌റ്റിലായി. എക്‌സ്‌സൈസിന്റെ നാർകോട്ടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എറണാകുളം ബാനർജി റോഡിൽ ഓകെ ക്ലബിന്റെ ഭാഗത്ത് ജന്റിൽമാൻ എക്സ്റ്റസി പിൽസ് എന്നറിയപ്പെടുന്ന മെഥിലിൻ ഡയോക്സി മെറ്റാ ആംഫിറ്റമിൻ അടങ്ങിയ ഒമ്പതു ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് പന്നിയങ്കര ഫാത്തിമാ നിവാസിൽ സഫാൻ (22), കാലിഫോർണിയ - 9 എന്നറിയപ്പെടുന്ന ഒമ്പത് ത്രീ ഡോട്ടട് എൽ.എസ്.ഡി സ്റ്റാമ്പുമായി കോഴിക്കോട് കച്ചേരി കാരപ്പറമ്പ് തറേൽപ്പറമ്പിൽ അക്ഷയ് (22), എറണാകുളം നോർത്തിൽ 15 ഗ്രാം ഹാഷിഷ് ഓയിൽ കൈമാറാനെത്തിയ തിരുവനന്തപുരം ചിറയിൻകീഴ് കഠിനംകുളം മണക്കാട്ടിൽ മണികണ്ഠൻ (32), കോഴിക്കോട് ബേപ്പൂർ അരക്കിണർ കെ.ടി ഹൗസിൽ അബിനാസ് (26), കണ്ണൂർ കാൽടെക്സ് പടിക്കൽ വീട്ടിൽ ജൻഷീർ (33) എന്നിവരാണ് പിടിയിലായത്.
ആഡംബര ജീവിതത്തിനും ഉന്മാദലഹരിയിൽ ജീവിക്കുന്നതിനുമാണ് പ്രതികൾ ലഹരി വ്യാപാരം നടത്തിയതെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
വില ലക്ഷങ്ങൾ
ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് എം.ഡി.എം.എ. നിലവിൽ 20 ലധികം ബ്രാൻഡുകളിലായി വ്യത്യസ്ത രൂപങ്ങളിൽ എത്തുന്നു. ലൈസർജിക് ആസിഡ് സ്റ്റാമ്പുകൾ ലോകത്തിലാകെ 124 ഇനമുണ്ട്. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും വീര്യം കൂടിയ ത്രീ ഡോട്ടഡ് സ്റ്റാമ്പാണ് പിടികൂടിയത്. സ്റ്റാമ്പിന്റെ പിറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് വീര്യത്തെ സൂചിപ്പിക്കുന്നത്. 360 മൈക്രോഗ്രാം ലൈസർജിക്ക് ആസിഡ് അടങ്ങിയ സ്റ്റാമ്പാണ് പിടികൂടിയത്. 36 മണിക്കൂർ വരെയാണ് ഇതിന്റെ വീര്യം. 0.1 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണ്. നാക്കിൽ വച്ച് ഉപയോഗിക്കുന്ന ഇവ ഒരെണ്ണം 36 മണിക്കൂർ ഉന്മാദ അവസ്ഥയിൽ നിറുത്തും. മോളി, എക്സ്റ്റസി,എക്സ് എന്നീ വിളിപ്പേരിലും അറിയപ്പെടുന്ന എം.ഡി.എം.എയുടെ ഗുളികകൾ അപൂർവമായി മാത്രമാണ് കേരളത്തിലെത്തുന്നത്. പിടിച്ചെടുത്ത ഗുളികകൾക്ക് ലക്ഷങ്ങൾ വില വരും. അര ഗ്രാം കൈവശം വച്ചാൽ പത്തു വർഷത്തിലധികം ശിക്ഷ ലഭിക്കാം. പൊടിയാക്കി മൂക്കിൽ കൂടി വലിക്കുന്ന ഇവയുടെ അളവ് കൂടിപ്പോയാൽ മരണം സംഭവിക്കാം. ഗോവയിൽ നിന്ന് ആഫ്രിക്കൻ വംശജരാണ് ലഹരി മരുന്ന് കൈമാറിയതെന്ന് പ്രതികൾ വെളിപ്പെടുത്തി.
എറണാകുളം എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി. സുരേഷ്, ഇൻസ്പെക്ടർ പി. ശ്രീരാജ്, പ്രിവന്റീവ് ഓഫീസർമാരായ രാം പ്രസാദ്, ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.