കൊച്ചി: നടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും പ്രണയത്തിന് കാവലാളായി "ജൂനിയർ കുഞ്ചാക്കോ" പിറന്നു. നീണ്ട പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആൺകുഞ്ഞ് ജനിച്ച വിവരം കുഞ്ചാക്കോ ബോബൻ തന്നെയാണ് ബുധനാഴ്ച രാത്രിയിൽ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനനം. "ആൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും കരുതലിനും സ്നേഹത്തിനും നന്ദി. ജൂനിയർ കുഞ്ചാക്കോ അവന്റെ സ്നേഹം നിങ്ങൾക്കെല്ലാം നൽകുന്നു" എന്നെഴുതി മകന്റെ കുഞ്ഞുകാലടികളുടെ പടത്തോടൊപ്പമാണ് കുഞ്ചാക്കോ ബോബൻ പോസ്റ്റിട്ടത്.
2005 ഏപ്രിൽ 2ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. ഇക്കഴിഞ്ഞ വിവാഹ വാർഷിക പോസ്റ്റിൽ ഇത്തവണ ഏറെ സ്‌പെഷ്യലാണെന്ന് താരം കുറിച്ചിരുന്നു. 1997ൽ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ 2007ൽ സിനിമാരംഗത്ത് നിന്ന് മാറി റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. പിന്നീട് മൂന്ന് വർഷത്തിന് ശേഷം എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ അതിശക്തമായി തിരിച്ചു വരികയായിരുന്നു.