കൂത്താട്ടുകുളം: കോട്ടയം പാർലമെന്റ് എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് പര്യടന വാഹനം കൂത്താട്ടുകുളത്ത് ഇടയാറിന് സമീപം കണിയാലിപ്പടിയിൽ തടഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ കൈയേറ്റം ചെയ്തെന്ന് എൻ.ഡി.എ ആരോപിച്ചു. സി.പി.എം. കൗൺസിലറാണ് പര്യടന വാഹനത്തിൽ അനൗൺമെന്റ് പാടില്ലെന്ന് കാണിച്ച് തടഞ്ഞതെന്ന് ആരോപണമുണ്ട്. ഇടയാർ പീടികപ്പടിയിലെ സ്വീകരണം കഴിഞ്ഞ് മുന്നിൽ പോവുകയായിരുന്ന പൈലറ്റ് വാഹനമാണ് തടഞ്ഞത്. സംസ്ഥാന സർക്കാരിന്റെ പരാമർശിക്കുന്ന അനൗൺസ് മെന്റ് കൂത്താട്ടുകുളത്ത് പറ്റില്ലെന്നും വാഹനം തകർക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. എൻ.ഡി.എ ഭാരവാഹികൾ കൂത്താട്ടുകുളം പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.