കൊച്ചി: ഇനിയിങ്ങനെയൊന്നും കേൾക്കാനിട വരുത്തല്ലേയെന്ന് മലയാളി മനമുരുകി പ്രാർത്ഥിച്ച് 14 ദിവസമാകും മുമ്പേ തനിയാവർത്തനം. ഇത്തവണ ദാരുണാന്ത്യം മൂന്നു വയസുകാരന്. തെറ്റിന് ശിക്ഷിച്ചതെന്ന പേരിൽ കൊന്നതോ അമ്മ! തൊടുപുഴയിൽ അമ്മയുടെ കാമുകൻ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ചപ്പോൾ സാക്ഷിയായതും പെറ്റമ്മ.
അന്നും കാരണം കുട്ടി കാട്ടിയ 'അനുസരണക്കേട്.' ഏപ്രിൽ ആറിനായിരുന്നു തൊടുപുഴയിലെ കുരുന്ന് പത്തുനാൾ നീണ്ട ചികിത്സയ്ക്ക് ശേഷം വിട പറഞ്ഞത്. ആലുവയിലെ കുഞ്ഞാകട്ടെ ആശുപത്രിക്കിടക്കയിൽ വെറും മൂന്ന് ദിവസത്തെ പോരാട്ടത്തിനൊടുവിൽ ജീവൻ വെടിഞ്ഞു. കുഞ്ഞുങ്ങൾക്ക് നേരെ ഉറ്റവരിൽ നിന്ന് തന്നെ ആക്രമണങ്ങൾ വർദ്ധിക്കുമ്പോൾ രക്ഷിതാക്കളുടെ 'വളർത്തുദോഷങ്ങൾ' വീണ്ടും ചർച്ചയാവുകയാണ്.
ഇത്തരത്തിലുള്ള ആക്രമണങ്ങൾ പുറത്ത് അറിയുന്നത് അപൂർവമാണ്. കോഴിക്കോട്ടെ അതിഥി, ചോറ്റാനിക്കരയിലെ നാലു വയസുകാരി, അങ്ങനെ അമ്മയോ അച്ഛനോ രണ്ടാനമ്മയോ രണ്ടാനച്ഛനോ അതിക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച എത്രയോ കുരുന്നുകൾ. ഒന്നരവർഷം മുമ്പ് ലോട്ടറി വിൽപ്പനക്കാരിയായ അമ്മയുടെ അസാന്നിദ്ധ്യത്തിൽ രണ്ടാനച്ഛൻ മർദ്ദിച്ച് അവശനാക്കിയ മൂന്നു വയസുകാരൻ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് ഇപ്പോഴും. അമ്മ അതിക്രൂരമായി മർദ്ദിച്ച ആറാം ക്ളാസുകാരിയെയും പിന്നീട് രക്ഷിതാക്കൾക്ക് വിട്ടുകൊടുത്തില്ല.
രക്ഷിതാക്കളുടെ ദേഷ്യം നിയന്ത്രിക്കാനാവാത്തതാണ് ഇത്തരം സംഭവങ്ങളിൽ പലപ്പോഴും വില്ലനാവുന്നതെന്ന് സാമൂഹ്യപ്രവർത്തകർ പറയുന്നു. സഹപ്രവർത്തകരോടോ ബന്ധുക്കളോടോ പങ്കാളിയോടോയുള്ള ദേഷ്യം തീർക്കുന്നത് പലപ്പോഴും കുട്ടികളുടെ മേലാണ്. ദേഷ്യം പ്രകടിപ്പിക്കുമ്പോൾ ചെയ്യുന്നതെന്തെന്ന് തിരിച്ചറിയാനുള്ള വിവേകം നഷ്ടമാകും. കുട്ടികളുടെ തെറ്റുതിരുത്താൻ തല്ലുന്നത് നല്ലതാണെന്ന കാഴ്ചപ്പാടും മാറ്റേണ്ടത്.