ammathottil

ആലുവ: പ്രാർത്ഥനകൾ വീണ്ടും വിഫലമായി. തൊടുപുഴയിൽ അമ്മയുടെ കാമുകൻ കൊലയ്‌ക്ക് കൊടുത്ത ഏഴ് വയസുകാരന് പിന്നാലെ ഇതരസംസ്ഥാനക്കാരിയായ അമ്മയുടെ കൊടിയ മർദ്ദനത്തിന് ഇരയായ മൂന്നുവയസുകാരനും മരണത്തിന് കീഴടങ്ങി. രണ്ടാഴ്‌ച‌യ്‌ക്കുള്ളിൽ നാടിനെ നടുക്കിയ സമാനമായ രണ്ടാമത്തെ ദുരന്തം.

തലയോട്ടിയിൽ മാരക പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ കഴിഞ്ഞ കുരുന്ന് ഇന്നലെ രാവിലെ 9.05നാണ് മരിച്ചത്. തലയിലേറ്റ മാരകമായ മുറിവും തലച്ചോറിനുണ്ടായ ക്ഷതവുമാണ് മരണകാരണമെന്ന് ചികിത്സിച്ച ഡോ. വിപിൻ ജോസ് പറഞ്ഞു.

അമ്മയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ വീണെതാണെന്ന് പറഞ്ഞ്

ഇവർക്കൊപ്പം താമസിക്കുന്നയാളാണ് ബുധനാഴ്ച വൈകിട്ട് ആലുവയിലെ മറ്റൊരു ആശുപത്രിയിൽ കുഞ്ഞിനെ കൊണ്ടുവന്നത്. അതീവ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഉടനെ രാജഗിരിയിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം രാത്രി കുഞ്ഞിന് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. തലച്ചോറിലെ വലതു ഭാഗത്തേറ്റ പരിക്കാണ് ഏറെ ഗുരുതരമായത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയത്.

കുട്ടിയുടെ ചികിത്സാ ചെലവ് സാമൂഹ്യ ക്ഷേമവകുപ്പ് ഏറ്റെടുത്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ റിമാൻഡിലാണ്. ഭർത്താവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.