road
ആലുവ കിഴക്കേ അങ്ങാടിയിലെ ഇടവഴിയിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ

ആലുവ: വാഹന യാത്രക്കാരുടെ എളുപ്പവഴി നാട്ടുകാർക്ക് ദുരിതവഴിയായി. കിഴക്കേ അങ്ങാടിയിലെ താമസക്കാരാണ് ഏറെ വലയുന്നത്. സെന്റ് ഡൊമനിക് പള്ളിക്ക് മുന്നിലെത്തിയ ശേഷം ഗവ. ആശുപത്രി ജംഗ്ഷനിലേക്ക് പോകാൻ വാഹനങ്ങൾക്ക് എളുപ്പവഴി ഇതാണ്.

പുളിഞ്ചോട് ജംഗ്ഷൻ വഴി കാരോത്തുകുഴി കവലയിലെത്തുന്ന വാഹനങ്ങൾക്ക് ഇടത്തോട്ട് തിരിഞ്ഞ് ഗവ. ആശുപത്രി കവലയിലേക്കോ റെയിൽവേ സ്‌റ്റേഷനിലേക്കോ പോകാൻ അനുവാദമില്ല. പകരം ബൈപ്പാസിലൂടെ നഗരം ചുറ്റി മാത്രമേ ഈ സ്ഥലങ്ങളിൽ എത്താനാകൂ. ഇത് മറികടക്കാനാണ് കരോത്തുകുഴി കവല കഴിഞ്ഞുള്ള സെന്റ് ഡൊമിനിക് ചർച്ചിന് മുന്നിലെത്തി കിഴക്കേ അങ്ങാടിയിലെ ഇടവഴിയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്.

മറ്റ് ഭാഗങ്ങളിൽ നിന്ന് വരുന്ന ഇരുചക്രവാഹനങ്ങളും കാറുകളും ഇതേ ഇടവഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. മാർക്കറ്റിൽ നിന്ന് ചരക്ക് കൊണ്ടുപോകുന്ന പെട്ടിഓട്ടോറിക്ഷകളും ചേരുന്നതോടെ തിരക്കോട് തിരക്കും കുരുക്കും. ട്രാഫിക് പൊലീസും നഗരസഭയും ചേർന്ന് പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.