mother-kill-child
mother kill child

കൊച്ചി: മൂന്നു വയസുകാരനായ മകനെ അമ്മ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് പശ്ചിമബംഗാൾ സ്വദേശി ഷെഹജാദ് ഖാനെ (35) പൊലീസ് അറസ്‌റ്റു ചെയ്‌‌തു. തെളിവു നശിപ്പിക്കൽ, മർദ്ദന വിവരം മറച്ചുവച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്‌റ്റിലായ മാതാവിനെതിരെയുള്ള കൊലക്കുറ്റം പിതാവിന് ബാധകമല്ല.

ഷെഹജാദ് ഖാനും ഹെന്നാ ഖാദൂണും (28) ഭാര്യാ ഭർത്താക്കൻമാരാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നാലു വർഷം മുമ്പ് ജാർഖണ്ഡിലെ ജയ്‌നഗറിലായിരുന്നു വിവാഹം. ഒരു വർഷത്തിനു ശേഷം അവിടെ വച്ച് കുട്ടിയുണ്ടായി. വിവാഹത്തിന്റെ വിവരങ്ങളും ആശുപത്രി രേഖകളും പൊലീസ് ശേഖരിച്ചു. അതിനാൽ ഇനി ഡി.എൻ.എ പരിശോധനയുടെ ആവശ്യമില്ല.

20 ദിവസം മുമ്പാണ് ഹെന്നയും കുട്ടിയും ഏലൂരിലെ വാടക വീട്ടിലെത്തിയത്. അമ്മ കുട്ടിയെ മർദ്ദിക്കുന്നത് പിതാവിന് അറിയാമായിരുന്നു. ഇക്കാര്യം പലരോടും പറഞ്ഞിരുന്നു. കുട്ടിയെ മർദ്ദിക്കുന്നതിൽ നിന്ന് ഭാര്യയെ പിന്തിരിപ്പിക്കാനോ പൊലീസിൽ വിവരം കൈമാറാനോ തയ്യാറായില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ജയിലിൽ കഴിയുന്ന മാതാവ് മജിസ്‌ട്രേട്ടിന്റെ അനുമതിയോടെ എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തി മകന്റെ മൃതദേഹം കണ്ടു. ഈ സമയം അവർ പൊട്ടിക്കരഞ്ഞു. പിന്നീട് പിതാവിന്റെ സാന്നിദ്ധ്യത്തിൽ കളമശ്ശേരി എച്ച്.എം.ടി കോളനിക്ക് സമീപമുള്ള പാലയ്‌ക്കാമുഗൾ ജുമാ മസ്‌ജിദ് കബർസ്ഥാനിൽ സംസ്‌കാരം നടത്തി. പിതാവ് അറസ്‌റ്റിലാകുന്നതിന് മുമ്പേ സംസ്കാരത്തിനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു.