കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചി അമൃതയിൽ എത്തിച്ച കുഞ്ഞിന്റെ നിലയിൽ പുരോഗതി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ ആയി. കുഞ്ഞിനെ ഒരാഴ്ചയും കൂടി ഐ.സി.യുവിൽ നിരീക്ഷിക്കേണ്ടി വരും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരത്തേക്ക് റോഡുമാർഗം കൊണ്ടുപോവുകയായിരുന്ന അന്ന് പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ സർക്കാർ ഇടപെട്ട് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഹൃദയ ശസ്ത്രക്രിയ നടത്തി. കാർഡിയോ പൾമൊണറി ബൈപാസിലൂടെയായിരുന്നു ഏഴുമണിക്കൂർ നീണ്ട ശസ്ത്രക്രിയ. കാസർകോട് ഉദുമ സ്വദേശി മിത്താഹിന്റെയും സാനിയയുടെയും ആൺകുഞ്ഞാണ് ചികിത്സയിലുള്ളത്.