കൊച്ചി : ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവനെതിരെ കേസെടുത്ത് അന്വേഷിക്കാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡി.ജി.പി) സി. ശ്രീധരൻ നായർ സംസ്ഥാന പൊലീസ് മേധാവിക്ക് നിയമോപദേശം നൽകി. കോഴിക്കോട്ട് ഫൈവ് സ്റ്റാർ ഹോട്ടലിനു വേണ്ടി സ്ഥലം ഏറ്റെടുത്തു നൽകാൻ സഹായിക്കണമെന്നും കമ്മിഷൻ നൽകാമെന്നും വ്യക്തമാക്കി സ്വകാര്യ ന്യൂസ് ചാനൽ സംഘമാണ് ഒളിക്യാമറയുമായി എം.പിയായിരുന്ന എം.കെ രാഘവനെ സമീപിച്ചത്. എം.കെ. രാഘവൻ ഇവർക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തത് ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിരുന്നു. കമ്മിഷൻ ഈ പരാതി ഡി.ജി.പിക്ക് കൈമാറി. തുടർന്നാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം തേടിയത്.
നിയമോപദേശത്തിലെ മൂന്നു കാര്യങ്ങൾ
ചാനൽ സംഘം അഞ്ച് കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. തുകയുമായി ഡൽഹിയിലെ തന്റെ പി.എയെ സമീപിക്കാൻ എം.കെ. രാഘവൻ നിർദേശിച്ചത് അഴിമതി നിരോധന നിയമ പ്രകാരം കുറ്റകരമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.ഐ.സി.സി രണ്ട് കോടി രൂപ തിരഞ്ഞെടുപ്പു ചെലവിന് നൽകിയെങ്കിലും തനിക്ക് 20 കോടി രൂപയുടെ ചെലവുണ്ടെന്നും മദ്യം വിതരണം ചെയ്തെന്നും എം.കെ. രാഘവൻ പറയുന്നുണ്ട്. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതടക്കമുള്ള കാര്യങ്ങൾ ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമാണ്.
തിരഞ്ഞെടുപ്പ് ചെലവ് 70 ലക്ഷത്തിൽ കൂടരുതെന്നായിരുന്നു കമ്മിഷന്റെ നിർദ്ദേശം. എം.കെ. രാഘവൻ കണക്കു കാണിച്ചത് 53 ലക്ഷമാണ്. എന്നാൽ 20 കോടി രൂപ ചെലവിട്ടെന്ന് ചാനൽസംഘത്തോടു പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഈ സാഹചര്യത്തിൽ എം.കെ. രാഘവനെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താം.