ആലുവ: ചൂർണിക്കര കമ്പനിപ്പടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന കാനകൾ വൃത്തിയാക്കിയതോടെ വെള്ളമൊഴുക്ക് സുഗമമായി. വേനൽ മഴയിൽ പെയ്തിറങ്ങിയ വെള്ളം കമ്പനിപ്പടി തുരങ്കപാതയിൽ ഒരടിയോളം ഉയരത്തിൽ കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാക്കിയിരുന്നു. പ്രളയത്തിന് ശേഷം തുരങ്കപ്പാതയിലേയ്ക്കുള്ള കാനകൾ വൃത്തിയാക്കാത്തതാണ് തുരങ്കപ്പാതയിലുണ്ടായ വെള്ളക്കെട്ടിന് കാരണം. വെള്ളത്തോടൊപ്പം ചെളിയും കൂടി കലർന്നതോടെ കാൽനടയാത്രപോലും ഇവിടെ ദുഷ്‌കരമായി മാറിയിരുന്നു.
വാർഡിലെ വികസന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാന വൃത്തിയാക്കിയത്. ചവർ പാടത്തേയ്ക്ക് നീളുന്നതാണ് കാന. നീളവും വീതിയുമേറിയ കാനയാണെങ്കിലും പ്രളയത്തിലടിഞ്ഞ ചെളിയും പുല്ലും കാനയിൽ നിറഞ്ഞ് കിടക്കുകയായിരുന്നു. അവയെല്ലാം പൂർണമായും നീക്കം ചെയ്തതോടെ തുരങ്കപ്പാതയിൽ കെട്ടിക്കിടന്ന വെള്ളം ഒഴുകിപ്പോയി.