politics
ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ നടന്ന മുന്നണികളുടെ കൊട്ടിക്കലാശം

ആലുവ: ആലുവയിൽ ഇന്നലെ അക്ഷരാർത്ഥത്തിൽ ആവേശം അലതല്ലിയ കൊട്ടിക്കലാശമായിരുന്നു. മൂന്ന് മുന്നണികൾക്കും മുമ്പൊരുകാലത്തും ഇല്ലാത്തത്രയായിരുന്നു ആവേശം. എൻ.ഡി.എയുടെ സജീവ സാന്നിദ്ധ്യവും ഇക്കുറി കൊട്ടിക്കലാശത്തിലുണ്ടായി.

യു.ഡി.എഫ് പ്രവർത്തകർ 4.45ഓടെ റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ എത്തുമ്പോൾ എൽ.ഡി.എഫും എൻ.ഡി.എയും സ്ഥലം പൂർണമായും കൈയടക്കിയിരുന്നു. ഇതേത്തുടർന്ന് കുറെ യു.ഡി.എഫ് പ്രവർത്തകർ ആർ.എം.എസിന് മുമ്പിലും കുറച്ചുപേർ പമ്പ് കവലയിലുമാണ് തമ്പടിച്ചത്. ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കാൻ കഴിയാതിരുന്നത് യു.ഡി.എഫിന് ക്ഷീണമായി. ടൗൺ ഹാൾ കവലയിൽ കേന്ദ്രീകരിച്ച ശേഷമാണ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. സ്ഥാനാർത്ഥികളിൽ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ മാത്രമാണ് കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്. കാവടി, ചെണ്ട എന്നിവയുടെയെല്ലാം അകമ്പടിയോടെ നടന്ന എൻ.ഡി.എയുടെ കൊട്ടിക്കലാശത്തിൽ ഇക്കുറി സ്ത്രീകളും കുട്ടികളുമെല്ലാം പങ്കെടുത്തു.

എൽ.ഡി.എഫ് പ്രവർത്തകർ താളമേളങ്ങൾക്ക് പുറമെ പടക്കവും കമ്പിത്തിരിയുമെല്ലാം കൊട്ടിക്കലാശത്തിൽ ഉപയോഗിച്ചു. എൽ.ഡി.എഫ് - എൻ.ഡി.എ പ്രവർത്തകർ സമീപത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കയറി കൊടി വീശിയതോടെ പൊലീസ് എത്തി താഴെയിറക്കി. ട്രാഫിക്ക് ഐലന്റിൽ കയറിയവരെയും പൊലീസ് താഴെയിറക്കി. തുടർന്ന് പ്രചരണ വാഹനത്തിന്റെ മുകളിൽ കയറി നിന്നാണ് പ്രവർത്തകർ നൃത്തം വച്ചത്. നൂറു കണക്കിന് കൊടികളാണ് ആകാശത്ത് പാറിപ്പറന്നത്. ഒരാൾക്ക് തനിച്ച് എടുക്കാൻ കഴിയാത്തത്ര വലിപ്പമുള്ള വമ്പൻ കൊടികളും ഉണ്ടായി.

മണ്ഡലത്തിന്റെ വിവിധ മേഖലകളിലായിരുന്ന മൂന്ന് മുന്നണികളുടെയും പ്രചരണ വാഹനങ്ങൾ വൈകിട്ട് നാല് മണിയോടെ നഗരത്തിലേക്ക് എത്തുകയായിരുന്നു. രണ്ട് മണിക്കൂറോളമാണ് റെയിൽവേ സ്റ്റേഷൻ സ്ക്വയർ നിശ്ചലമായത്. വാഹനങ്ങളെല്ലാം പൊലീസ് വഴിതിരിച്ച് വിട്ടതിനാൽ ആശ്വാസമായി. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു.

ആലുവ സി.ഐ എൻ.എസ്. സലീഷിന്റെയും എസ്.ഐ പി.കെ. മോഹിതിന്റെയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.