vk
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനവട്ടത്തിൽ പാലാരിവട്ടം ജംഗ്ഷനിൽ എൽ.ഡി.എഫിന്റെ കലാശക്കൊട്ട്

 നാളെ പോളിംഗ് ബൂത്തിലേക്ക്

കൊച്ചി: മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തിരഞ്ഞെടുപ്പ് ചൂടിലായിരുന്നു കഴിഞ്ഞ ഒരു മാസമായി എറണാകുളം ലോക്‌സഭ മണ്ഡലം. ആദ്യം കളത്തിലിറങ്ങിയ ഇടതുമുന്നണി സ്ഥാനാർത്ഥി പി.രാജീവിനെ പ്രതിരോധിക്കാൻ യു.ഡി.എഫ് ഹൈബി ഈഡൻ എം.എൽ.എയെ ഇറക്കിയതോടെ മത്സരം ആവേശ ചൂടിലേക്ക്. അപ്രതിക്ഷിതമായി എൻ.ഡി.എ സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും കൂടി കടന്നു വന്നതോടെ എറണാകുളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടത്തിന് കേളികൊട്ടിയുർന്നു. ആ ആവേശവും മത്സരച്ചൂടും നിറഞ്ഞ പരസ്യപ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശമായി. ഇനി ഒരു പകലിനും രാത്രിക്കും അപ്പുറം ജനങ്ങൾ വിധിയെഴുതും. കൃത്യം ഒരു മാസം തികയുമ്പോൾ മണ്ഡലം ആരെ വാരിപ്പുണരുമെന്നറിയാം.

ചെങ്കടലിരമ്പി

ചെങ്കടൽ പോലെ പാലാരിവട്ടത്തേക്ക് ഇരമ്പിയെത്തിയ ഇടതുമുന്നണി പ്രവർത്തകർ ആവേശത്തിന്റെ പൂരപ്പറമ്പ് സൃഷ്‌ടിച്ചു. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി. രാജീവിന്റെ പരസ്യ പ്രചാരണ സമാപനം താള മേളങ്ങളാൽ കൊഴുത്തു. വൈകീട്ട് നാലു മണിയോടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകർ എത്തി. 4.15ന് സ്ഥാനാർത്ഥി മണ്ഡലങ്ങളിലൂടെയുള്ള റോഡ് ഷോ പൂർത്തിയാക്കി പാലാരിവട്ടം ജംഗ്ഷനിലേക്ക് തുറന്ന വാഹനത്തിൽ കടന്നു വന്നതോടെ ആവേശം ഉച്ചസ്ഥായിയിലായി. ചെങ്കൊടികൾ, പി. രാജീവിന്റെ കട്ടൗട്ടുകൾ, ചെണ്ടമേളം, ബാന്റ് വാദ്യം, ധോൽ തുടങ്ങിയ സംഗീതോപകരണങ്ങൾ അന്തരീക്ഷത്തെ ആവേശം കൊണ്ട് ത്രസിപ്പിച്ചപ്പോൾപ്രവർത്തകർ ചുവടുവച്ചു. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാനും കൺവീനറുമായ പി. രാജു, സി.എം ദിനേശ് മണി തുടങ്ങി വിവിധ ഘടകകക്ഷി നേതാക്കൾ സംബന്ധിച്ചു. എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി പ്രവർത്തകരും എത്തി.

ക്രെയിനിലേറി ഹൈബി

യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങൾ വൈകിട്ട് എറണാകുളം ടൗൺ ഹാളിലെത്തി ആവേശോജ്വലമായ കലാശക്കൊട്ടോടെ സമാപിച്ചു. ഈസ്റ്റർ ദിനമായ ഇന്നലെ രാവിലെ കുടുംബസമേതം കുന്നുംകുളം പള്ളിയിലെത്തി ശുശ്രൂഷയിൽ പങ്കെടുത്തു. അവിടെ നിന്ന് പ്രവർത്തകരോടൊപ്പം സെമിത്തേരി മുക്കിലേക്ക്. മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയെ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ചു. ഉച്ചയോടെ വളന്തക്കാട് ദ്വീപിലെത്തി 35 കുടുംബങ്ങളെ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ കലാശക്കൊട്ടിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കലൂർ മണപ്പാട്ടുപറമ്പ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഓഫീസ് വളപ്പിൽ പ്രവർത്തകരുടെ തിരയിളക്കം. വർണ്ണാഭമായ കാവടികൾ, വാദ്യമേളങ്ങൾ, മൂവർണ്ണനിറങ്ങളിൽ ഉള്ള ബലൂണുകൾ, ഹൈബി ഈഡന്റെയും കൈപ്പത്തി ചിഹ്നത്തിന്റെയും കൂറ്റൻ കട്ടൗട്ടുകളുമായി ആവേശം അലതല്ലിയ കാൽനടജാഥ ടൗൺ ഹാളിന് മുന്നിലേക്ക്. ഹൈബിയുടെ ചിത്രങ്ങളുള്ള ബാഡ്ജുകളും മുഖംമൂടികളുമായി നിന്ന പ്രവർത്തകർക്കിടയിലേക്ക് തുറന്ന ജീപ്പിൽ ഹൈബി ഈഡൻ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എത്തി. സിനിമ താരം ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം അണികൾക്കിടയിലേക്ക്. പ്രവർത്തകർക്കൊപ്പം സെൽഫി എടുത്തും വയസായ പ്രവർത്തകരെ തന്റെ തുറന്ന വാഹനത്തിലേറ്റി ഫോട്ടോയെടുത്തും അണികളുടെ ആവേശത്തിൽ പങ്കു ചേർന്നു. ഭാര്യ അന്ന ഈഡനും മകൾ ക്ലാര അന്ന ഈഡനും കലാശക്കൊട്ടിൽ പങ്കെടുത്തു. ക്രെയിനിൽ കയറിയ ഹൈബി പ്രവർത്തകരുടെ കയ്യിൽ നിന്ന് മൂവർണക്കൊടി വാങ്ങി ഉയർത്തി. കെ.വി.തോമസ്, മറ്റ് യു.ഡി.എഫ് നേതാക്കളും കൊട്ടിക്കലാശത്തിന് നേതൃത്വമേകി.

 മണ്ഡലത്തെ ഇളക്കി മറിച്ച് കണ്ണന്താനം

എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിന്റെ കൊട്ടിക്കലാശം കലൂർ ജംഗ്‌ഷനെ ഇളക്കി മറിച്ചു. കാവിക്കൊടികളും തൊപ്പിയുമണിഞ്ഞപ്രവർത്തകർ ഉത്സവാന്തരീക്ഷം സൃഷ്‌ടിച്ചു. രാവിലെ ചാവറ കൾച്ചറൽ സെന്ററിൽ ഈസ്റ്റർ ആഘോഷത്തി​ന് ശേഷം എറണാകുളം കച്ചേരിപ്പടിയിൽ തുടങ്ങിയ പ്രചാരണം ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലുമെത്തി.തൃപ്പുണിത്തുറയിൽ ശിവസേന പ്രവർത്തകർ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. തോപ്പുംപടി, വൈപ്പിൻ, കടവന്ത്ര, പാലാരിവട്ടം, കുണ്ടന്നൂർ, നേവൽബേസ്, ഹൈക്കോടതി ജംഗ്‌ഷൻഎന്നിവിടങ്ങളിലും സ്വീകരണ രാഷ്ട്രീയ വിശദീകരണ പരിപാടികൾ നടന്നു. ഉച്ചയ്ക്കുശേഷം സ്ഥാനാർത്ഥി പറവൂരിലെ നിശ്ചിത കേന്ദ്രങ്ങളിൽ വോട്ടുതേടി. വാരാപ്പുഴയിലും കുമ്പളത്തും കൊട്ടിക്കലാശത്തിനു സമാനമായ പ്രചാരണമാണ് നടന്നത്. വൈകിട്ട് എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും കൊട്ടിക്കലാശം അരങ്ങേറി.വാദ്യഘോഷങ്ങളും നൃത്തരൂപങ്ങളും കൊട്ടിക്കലാശത്തിന് ശോഭയും ആവേശവുമായി.