കൊച്ചി: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി നിശബ്ദ പ്രചാരണ ദിവസമായിരുന്ന ഇന്നലെ നടൻ മോഹൻലാലിനെ സന്ദർശിച്ചു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലെത്തിയായിരുന്നു സന്ദർശനം. രാവിലെ 11 നു ശേഷം എത്തിയ സുരേഷ് ഗോപിയെ മോഹൻലാൽ സ്വീകരിച്ചു. മുക്കാൽ മണിക്കൂറോളം ഇരുവരും സംസാരിച്ചു.
മോഹൻലാലിന്റെ അമ്മയുടെ അനുഗ്രഹം വാങ്ങുന്നതിനും ലാലുമായി സംസാരിക്കുന്നതിനുമാണ് താൻ എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ലാലിനെ സന്ദർശിക്കാനെത്തിയതിൽ രാഷ്ട്രീയമില്ല. തികച്ചും കുടുംബപരമായ സന്ദർശനമാണ്. തന്റെ ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്ന ഒരു മുഹൂർത്തത്തിൽ ലാലിന്റെയും അമ്മയുടെയും അനുഗ്രഹം അനിവാര്യമാണ്- അദേഹം പറഞ്ഞു.
ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിനായി മമ്മൂട്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നല്ലോയെന്ന ചോദ്യത്തിന് അത് മറ്റൊരു വിഷയമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
സുരേഷ് ഗോപി വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. സുരേഷ് ഗോപി സിനിമാ കുടുംബത്തിലെ അംഗമാണ്. തന്റെ വളരെയടുത്ത സുഹൃത്താണ്. അദ്ദേഹത്തിന് നല്ലതുവരാൻ പ്രാർത്ഥിക്കുന്നു. തന്റെ വോട്ട് തിരുവനന്തപുരത്താണ്. വോട്ടുചെയ്യാൻ പോകുമോയെന്ന ചോദ്യത്തിന് അത് സസ്‌പെൻസായിരിക്കട്ടെയെന്നായിരുന്നു മറുപടി. സിനിമ സംവിധാനം ചെയ്യുമെന്നത് സത്യമായ വാർത്തയാണെന്നും തുടർന്നുള്ള കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നും മോഹൻലാൽ പറഞ്ഞു.