കൊച്ചി: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്‌ക്കിടെ പാതിരാത്രിയിൽ നടുറോഡിൽ കേടായ ബസിനു പകരം സംവിധാനം ആവശ്യപ്പെട്ട മൂന്നു യുവാക്കളെ മർദ്ദിച്ച് റോഡിൽ തള്ളിയ അക്രമിസംഘത്തിലെ നാലുപേർ അറസ്റ്റിൽ. സുരേഷ് കല്ലട ബസിലെ ജീവനക്കാരായ തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ജയേഷ് (29), തൃശൂർ കൊടകര സ്വദേശി ജിതിൻ (25), തമിഴ്നാട് സ്വദേശി അൻവർ, ഹരിപ്പാട് സ്വദേശി രാജേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ബസും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ വധശ്രമകുറ്റം ചുമത്തി. തൃശൂർ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിൻ, പാലക്കാട് സ്വദേശി മുഹുദ് അഷ്‌കർ എന്നിവർക്കാണ് മർദ്ദനമേറ്റത്. അജയഘോഷിന്റെ പരാതിയിലാണ് അറസ്റ്റ്. മൊബൈൽ ഫോണും പണമടങ്ങിയ ബാഗും കവർന്നതായി പരാതിയിൽ പറയുന്നു.
വൈറ്റിലയിലെ സുരേഷ് കല്ലട ട്രാവൽസിന്റെ ഓഫീസിന് മുന്നിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇതര സംസ്ഥാനക്കാരനായ ബസ‌് ഡ്രൈവറെയും മറ്റൊരു ജീവനക്കാരനായ ഗിരിലാലിനെയും കസ്റ്റഡിയിലെടുക്കും. സംഭവത്തെക്കുറിച്ച് ഡി.ജി.പി ലോക‌്നാഥ‌് ബെഹ‌്റ ഗതാഗത കമ്മിഷണറുമായി സംസാരിച്ചു. ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ ദക്ഷിണമേഖലാ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിർദ്ദേശം നൽകി. കമ്പനിയുടെ തിരുവനന്തപുരം മാനേജരെ വിളിച്ചുവരുത്തി ചോദ്യംചെയ‌്തു.
ബസിലെ സംഭവങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത ജേക്കബ് ഫിലിപ്പിനെ ഡി.ജി.പി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന‌് ഡി.ജി.പി വ്യക്തമാക്കി. പൊലീസ‌് റിപ്പോർട്ട‌് ലഭിച്ചാലുടൻ ബസിന്റെ പെർമിറ്റ‌് സസ്‌പെൻഡ് ചെയ്യുമെന്ന‌് എറണാകുളം ആർ.ടി.ഒ ജോജി പി. ജോസ‌് പറഞ്ഞു. ബസ‌് കെ.ആർ. സുരേഷ‌് കുമാറിന്റെ പേരിൽ ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ‌്തതിനാൽ തുടർ നടപടികൾക്കായി കേസ‌് അങ്ങോട്ട‌് കൈമാറും. ബസ‌് ഡ്രൈവറുടെ ലൈസൻസ‌് റദ്ദാക്കാനും നടപടിയെടുക്കും.
പാതിരാത്രിയിൽ സംഭവിച്ചത്
തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച രാത്രി പത്തോടെ പുറപ്പെട്ട മൾട്ടി ആക്‌സിൽ എ.സി ബസ് ഹരിപ്പാടിന് സമീപം കരുവാറ്റയിൽ കേടായി. ഒന്നും പറയാതെ ഡ്രൈവറും ക്ളീനറും ബസിൽനിന്ന് ഇറങ്ങിപ്പോയി. വെളിച്ചമില്ലാത്ത സ്ഥലത്ത് മണിക്കൂറുകളോളം കിടന്നതോടെ യാത്രക്കാർ ജീവനക്കാരുമായി തർക്കത്തിലായി. ഹരിപ്പാട് പൊലീസ് ഇടപെട്ടതോടെ വൈറ്റിലയിൽ നിന്ന് പകരം ബസെത്തിച്ചു.
പുലർച്ചെ നാലരയോടെ ബസ് വൈറ്റിലയിലെ കല്ലട ഓഫീസിന് മുന്നിലെത്തിയപ്പോഴായിരുന്നു അക്രമണം. ഹരിപ്പാട്ടെ തർക്കത്തിനു പകരം ചോദിക്കാൻ കേടായ ബസിലെ ജീവനക്കാർ ഉൾപ്പെടെ ഒരു സംഘം അക്രമികൾ ബസിലേക്ക് ഇരച്ചുകയറി യുവാക്കളെ തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നു.
യുവാക്കൾ പ്രത്യാക്രമണത്തിനും ശ്രമിച്ചു. ജീവനക്കാർ യുവാക്കളെ ബലമായി വലിച്ചിഴച്ച് ബസിന് പുറത്തുകൊണ്ട് വന്ന് ഓടിച്ചിട്ട് മർദ്ദിച്ചു. ഉറക്കത്തിലായിരുന്ന മറ്റ് യാത്രക്കാർ ഞെട്ടിയുണർന്നെങ്കിലും ജീവനക്കാരുടെ കൈയൂക്കിന് മുന്നിൽ ഒന്നും മിണ്ടിയില്ല. ബസ് ബംഗളൂരൂവിലേക്ക് യാത്ര തുടരുകയും ചെയ്‌തു. സംഭവം മൊബൈൽ ഫോണിൽ പകർത്തിയ ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തതോടെയാണ് ആക്രമണം പുറംലോകമറിയുന്നത്. മർദ്ദനമേറ്റ അജയഘോഷ് മരട് എസ്.ഐയെ ഫോണിൽ വിളിച്ചതോടെ പൊലീസ് സ്ഥലത്തെത്തി, അവശരായ മൂന്നു യുവാക്കളെ സമീപത്തെ തട്ടുകടയിൽ പൊലീസ് കണ്ടെത്തി.
ചികിത്സയ്‌ക്കായി ഇവരെ ആട്ടോറിക്ഷയിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് പൊലീസ് അയച്ചു. അക്രമികൾ പിന്തുടർന്നതോടെ യുവാക്കൾ ആശുപത്രിയിലെത്താതെ സുരക്ഷിത സ്ഥലത്തേക്ക് മാറി. പിന്നീട് മറ്റൊരു ആശുപത്രിയിലെത്തി രഹസ്യമായി ചികിത്സ തേടി. ബംഗളൂരൂവിൽ വിദ്യാർത്ഥികളായ ഇവർ തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുകയായിരുന്നു.