കൊച്ചി: രാവിലെ എട്ടരയ്ക്ക് കാക്കനാട് മാർ അത്തനോസിയസ് ഹൈസ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരെ അത്ഭുതത്തോടെ കാണുകയായിരുന്നു യു.കെ സ്വദേശികളായ ആൻഡ്രൂവും കാത്തിയും. ഇന്ത്യയുടെ ജനാധിപത്യപ്രക്രിയ നേരിൽ കാണുന്നതിന്റെ സന്തോഷം കണ്ണുകളിൽ.
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്ത് എത്തിയതാണ് ഇരുവരും. തങ്ങൾ നടത്തി വരുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായ കൊല്ലം ഇരവിപുരത്തെ അനാഥാലയത്തിലെ പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതാണ്. രണ്ടു ദിവസം മുമ്പാണ് എറണാകുളം കാക്കനാട്ട് സുഹൃത്തുക്കളായ റിയർ അഡ്മിറൽ എസ്. മധുസൂദനന്റെയും ഭാര്യ സുധയുടെയും വീട്ടിലെത്തിയത്. ഇന്നലെയാണ് ഇന്ത്യയുടെ അടുത്ത അഞ്ചു വർഷം തീരുമാനിക്കപ്പെടുന്നതെന്നറിഞ്ഞ ഇരുവർക്കും ഒരുപോലെ ആഗ്രഹം. തിരഞ്ഞെടുപ്പ് നേരിൽ കാണണം. . രാവിലെ കാക്കനാട് മാർ അത്തനോസിയസ് ഹൈസ്കൂളിലേക്ക് നാലുപേരും ചേർന്നെത്തി. മധുസൂദനനും സുധയും ബൂത്തിനുള്ളിലേക്ക് കയറിയപ്പോൾ പുറമെ നിന്ന് എല്ലാം നോക്കി മനസിലാക്കി ആൻഡ്രൂവും കാത്തിയും. വോട്ട് രേഖപ്പെടുത്തി തിരികെയെത്തിയ കൂട്ടുകാരോട് സംശയങ്ങൾ ചോദിച്ച് മനസിലാക്കി. ചൂണ്ടാണി വിരലിലെ വോട്ടു മഷി കാണിച്ച് മധുസൂദനനും സുധയും അവർക്കൊപ്പം ഫോട്ടോയെടുത്തു. പ്രദേശത്തെ ഇടത്, വലത് നേതാക്കളെ മധുസൂദനൻ ഇരുവർക്കും പരിചയപ്പെടുത്തി. അവരോടൊപ്പവും ചിത്രങ്ങളെടുത്തു. ഇന്ത്യയുടെ നിറങ്ങൾ നിറഞ്ഞ ഇത്തരത്തിലൊരു തിരഞ്ഞെടുപ്പ് തങ്ങൾക്ക് പുതിയ അനുഭവമായിരുന്നെന്ന് ആൻഡ്രൂവും കാത്തിയും കേരളകൗമുദിയോട് പറഞ്ഞു. ഇന്ന് തിരികെ ഇംഗ്ളണ്ടിലേക്ക് തിരിച്ചുപോകും .