ആലുവ: സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ അവസാന നിമിഷം പോളിംഗ് സ്റ്റേഷൻ മാറ്റിയെങ്കിലും അവശേഷിച്ച ബൂത്തുകളുടെ വോട്ടെടുപ്പ് നടന്നത് ഫിറ്റ്‌നസില്ലാത്ത ഇതേ കെട്ടിടത്തിൽ. അതേസമയം തകരാറില്ലാത്ത കെട്ടിടം വെറുതെ അടച്ചിടുകയും ചെയ്തു. കീഴ്മാട് ഗ്രാമപഞ്ചായത്തിൽ എടയപ്പുറം ഗവ. എൽ.പി സ്‌കൂളാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിചിത്രമായ നടപടിക്ക് വേദിയായത്.
ഇവിടെ പതിറ്റാണ്ടുകളായി രണ്ട് കെട്ടിടങ്ങളിലായി മൂന്ന് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു കെട്ടിടത്തിന് കാലപ്പഴക്കത്തെ തുടർന്ന് പഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നതിനാലാണ് അവസാനനിമിഷം മൂന്ന് ബൂത്തുകളുടെ പോളിംഗ് ഒരു കിലോമീറ്ററോളം അകലെയുള്ള കെ.എം.സി എൽ.പി സ്‌കൂളിലേക്ക് മാറ്റിയത്. അവശേഷിക്കുന്ന രണ്ട് ബൂത്തുകൾ ഇതേ സ്കൂളിലെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള കെട്ടിടത്തിൽ നിലനിർത്താനുമായിരുന്നു തീരുമാനം. എന്നാൽ ഫിറ്റ്നസുള്ള കെട്ടിടം അടച്ചിട്ടശേഷം രണ്ട് പോളിംഗ് ബൂത്തുകൾ ബലക്ഷയമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാഹചര്യമായിരുന്നു ഇന്നലെ ഉണ്ടായത്. ഫിറ്റ്നസ് ഇല്ലാത്തതിനാൽ ഈ കെട്ടിടം അടച്ചിട്ടിരിക്കുകയായിരുന്നു.
കാലങ്ങളായി 105 മുതൽ 109 വരെയുള്ള അഞ്ച് ബൂത്തുകളുടെ പോളിംഗ് സ്റ്റേഷനുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഇതിൽ 105,106, 107 ബൂത്തുകളിലെ വോട്ടെടുപ്പാണ് കെ.എം.സി സ്‌കൂളിലേക്ക് മാറ്റിയത്. പോളിംഗ് സ്റ്റേഷൻ മാറ്റിയത് അറിയാതെ മുന്നണികളെല്ലാം ഗവ. സ്‌കൂൾ പോളിംഗ് സ്റ്റേഷനാണെന്ന് രേഖപ്പെടുത്തി സ്ളിപ്പുകൾ വിതരണം ചെയ്ത ശേഷമാണ് പോളിംഗ് സ്റ്റേഷൻ മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചത്. ഈ വിവാദം നിലനിൽക്കേയാണ് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ വോട്ടെടുപ്പ് നടത്തി വീണ്ടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിന്നെയും വിവാദത്തിലായത്.
ആവശ്യത്തിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ 109-ാം നമ്പർ ബൂത്തിലെ വോട്ടെടുപ്പ് ഇഴഞ്ഞാണ് നീങ്ങിയത്. രാവിലെ മുതൽ വൈകിട്ട് വരെ ഇവിടെ നീണ്ടനിരയാണ് അനുഭവപ്പെട്ടത്. കെ.എം.സി സ്കൂളിൽ വോട്ടർമാർക്ക് നിന്ന് തിരിയാൻ പോലും സ്ഥലമുണ്ടായില്ല. വാഹനങ്ങൾ വന്ന് തിരിച്ച് പോകുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.