ആലുവ: പ്രചാരണത്തിലും കൊട്ടിക്കലാശത്തിലും മുന്നണികൾ തമ്മിൽ വീറും വാശിയും നിലനിന്നിരുന്നെങ്കിലും ആലുവയിൽ വോട്ടെടുപ്പ് പൊതുവേ ശാന്തവും സമാധാനപരമായിരുന്നു. ചിലയിടങ്ങളിൽ പോളിംഗ് സ്റ്റേഷന് പരിസരത്തെ വോട്ടർമാരെ വാഹനത്തിൽ എത്തിക്കുന്നത് സംബന്ധിച്ച് ചെറിയ തർക്കങ്ങൾ ഉണ്ടായെങ്കിലും മറ്റ് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏഴിടത്ത് വോട്ടിംഗ് യന്ത്രം പണിമുടക്കിയത് പോളിംഗിനെ ഏറെ ബാധിച്ചു. നഗരങ്ങളിൽ പോളിംഗ് കുറവാണെങ്കിലും ഗ്രാമീണ മേഖലയിൽ രാവിലെ തന്നെ വലിയ തിരക്ക് അനുഭവപ്പെട്ടു. നഗര ബൂത്തുകളിലൊന്നിലും വോട്ടർമാരുടെ വലിയ നിരയുണ്ടായില്ല. എല്ലായിടത്തും അഞ്ചിൽ താഴെ അളുകളാണ് ഒരുസമയം ഉണ്ടായത്. എന്നാൽ എടയപ്പുറം, കീഴ്മാട്, ചൂർണിക്കര, എടത്തല, ചെങ്ങമനാട്, കാഞ്ഞൂർ, നെടുമ്പാശേരി, ശ്രീമൂലനഗരം എന്നീ മേഖലകളിലെല്ലാം രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. വൈകുന്നേരം ആറ് കഴിഞ്ഞിട്ടും പോളിംഗ് അവസാനിക്കാത്ത ബൂത്തുകളുമുണ്ടായി. ആറിന് മുമ്പ് പോളിംഗ് സ്റ്റേഷനിൽ പ്രവേശിപ്പിച്ചവർക്കെല്ലാം വോട്ട് രേഖപ്പെടുത്താൻ അവസരം നൽകി.
ആലുവ നഗരസഭയിലെ തോട്ടക്കാട്ടുകര ഹോളിഗോസ്റ്റ് സ്‌കൂളിലെ 79-ാം ബൂത്ത്, മറ്റുപ്പടി അംഗൻവാടിയിലെ 80-ാം ബൂത്ത്, കീഴ്മാട് പഞ്ചായത്തിലെ ചാലക്കൽ എസ്.എൻ.ഡി.പി ഹാളിലെ ബൂത്ത്, ചൂർണിക്കര പഞ്ചായത്തിലെ പട്ടേരിപ്പുറം നിർമ്മല എൽ.പി സ്കൂളിലെ 118 -ാം നമ്പർ ബൂത്ത്, എടത്തല പഞ്ചായത്തിലെ പുക്കാട്ടുപടി സെന്റ് ജോർജ് സ്കൂളിലെ ബൂത്ത് എന്നിവ ഉൾപ്പെടെയുള്ള 15 ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. എല്ലയിടത്തും പുതിയ വോട്ടിംഗ് യന്ത്രമെത്തിച്ച് വോട്ടിംഗ് പുനരാരംഭിച്ചതായി അസി. റിട്ടേണിംഗ് ഓഫീസർ ദിനേശ് കുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. ചാലക്കൽ, പട്ടേരിപ്പുറം ബൂത്തുകളിൽ ഒരു മണിക്കൂറോളം പോളിംഗ് തടസം നേരിട്ടു. മറ്റിടത്തെല്ലാം പോളിംഗ് ആരംഭിക്കുന്നതിന് മുമ്പേ തകരാർ വ്യക്തമാകുകയും പകരം യന്ത്രം എത്തിക്കുകയും ചെയ്തതായും റിട്ടേണിംഗ് ഓഫീസർ പറഞ്ഞു. സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും ആലുവ സ്റ്റേഷൻ പരിധിയിൽ ഒരിടത്തും യാതൊരുവിധ അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആലുവ സി.ഐ എൻ.സി. സലീഷ് പറഞ്ഞു.