പിറവം : കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട പിറവം നിയമസഭാ മണ്ഡലത്തിൽ കനത്ത പോളിംഗായിരുന്നു. കൂത്താട്ടുകുളം, പിറവം നഗരസഭകളും ഇലഞ്ഞി, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, മണീട്, എടയ്ക്കാട്ടുവയൽ, മുളന്തുരുത്തി, ആമ്പല്ലൂർ, മുളന്തുരുത്തി, പഴയ തിരുവാങ്കുളം പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്ന മണ്ഡലത്തിൽ രാവിലെ ആറരമുതൽ തന്നെ ഒട്ടുമിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര കാണാമായിരുന്നു.
പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 77, 78 ബൂത്തുകളിൽ യന്ത്രത്തകരാറുമൂലം ഒന്നര മണിക്കൂറിലേറെ താമസിച്ചാണ് പോളിംഗ് തുടങ്ങിയത്. മണ്ഡലത്തിലെ പകുതിയോളം ബൂത്തുകളിൽ അര മണിക്കൂറുകളോളം വെെകിയാണ് പോളിംഗ് തുടങ്ങിയത്. വെെകിട്ട് മോശം കാലാവസ്ഥ പ്രതീക്ഷിച്ച് മിക്കവരും രാവിലെ തന്നെ വോട്ടുചെയ്യാൻ എത്തിയിരുന്നു.
പിറവത്ത് പോളിംഗ് സമാധാനപരമായിരുന്നു. മണ്ഡലത്തിലെ അഞ്ചു പ്രശ്നസാദ്ധ്യതാ ബൂത്തുകളിൽ പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
യു.ഡി.എഫ് തരംഗം : അനൂപ് ജേക്കബ്
സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല സാഹചര്യമാണെന്ന് കേരള കോൺഗ്രസ് (ജേക്കബ് ) ലീഡർ അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. യു.ഡി.എഫിന് 18 സീറ്റുകൾ വരെ കിട്ടുമെന്നാണ് പ്രതീക്ഷ. രാഹുലിന്റെ സ്ഥാനാർത്ഥിത്വം വലിയ അളവിൽ ഗുണം ചെയ്തിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്ത് കൂടിയായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമെന്നും അനൂപ് പറഞ്ഞു.