jayesh

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്‌ക്കിടെ പാതിരാത്രിയിൽ കേടായ ബസിനു പകരം സംവിധാനം ആവശ്യപ്പെട്ട മൂന്നു യുവാക്കളെ മർദ്ദിച്ച് റോഡിൽ തള്ളിയ അക്രമിസംഘത്തിലെ മൂന്നു പേർ കൂടി അറസ്‌റ്റിലായി സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്‌ണു (28), കൊല്ലം മൺറോതുരുത്ത് ഗിരിലാൽ (32), തിരുച്ചിറപ്പള്ളി നാച്ചിയൻ പാളയത്ത് കുമാർ (45) എന്നിവരെ മരട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പള്ളിക്കൽ മടവൂർ ജയേഷ് ഭവനിൽ ജയേഷ് (29), തൃശൂർ കൊടകര സ്വദേശി ജിതിൻ (25),പോണ്ടിച്ചേരി കാരയ്‌ക്കൽ അൻവറുദ്ദീൻ (38), ഹരിപ്പാട് സ്വദേശി രാജേഷ്( 26) എന്നിവർ പിടിയിലായിരുന്നു. വധശ്രമക്കുറ്റം ചുമത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

പിടിച്ചുപറി, സംഘം ചേർന്ന് അക്രമിക്കൽ, ആയുധങ്ങൾ കൊണ്ട് മുറിവേൽപ്പിക്കൽ തുടങ്ങി വകുപ്പുകൾ പ്രകാരവും കേസുണ്ട്. കല്ലട ട്രാവത്സ് ഉടമയായ സുരേഷ് കുമാറിനോട് എത്രയും വേഗം മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രൻ ഇന്നലെ നോട്ടീസ് നൽകി.

ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട സുരേഷ് കല്ലട ബസിലെ യാത്രക്കാരായ അജയഘോഷ്, സച്ചിൻ, അഷ്ക്കർ എന്നിവർക്കാണ് വൈറ്റിലയിൽ ഞായറാഴ്ച പുലർച്ചെ ക്രൂരമർദ്ദനമേറ്റത്. അജയഘോഷ് എറണാകുളത്തെ ആശുപത്രിയിലും മറ്റുള്ളവർ ഈറോഡിലെ ആശുപത്രിയിലും ചികിത്സയിലാണ്. സച്ചിന്റെയും അഷ്‌ക്കറിന്റെയും വിശദമായ മൊഴി രേഖപ്പെടുത്താൻ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സ്‌റ്റുവർട്ട് കീലർ ഇന്ന് ഈറോഡിലെത്തും. ഇനിയും കൂടുതൽ പേർ അറസ്‌റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏർപ്പാ‌ടാക്കാത്തത് യുവാക്കൾ ചോദ്യം ചെയ്‌തിരുന്നു. ഇവർ ഹരിപ്പാട് പൊലീസിൽ പരാതിപ്പെട്ടതോടെ പകരം ബസ് എത്തിച്ച് യാത്ര തുടർന്നു. ഈ ബസ് വൈറ്റിലയിലെ കല്ലട ഓഫീസിനു മുന്നിലെത്തിയപ്പോൾ ചോദ്യം ചെയ്യലിന് പ്രതികാരമായി ഒരു സംഘമാളുകൾ ബസിൽ കയറി യുവാക്കളെ മർദ്ദിച്ച് റോഡിൽ തള്ളുകയായിരുന്നു.