കൊച്ചി: മത്സരം മുറുകിയപ്പോൾ എറണാകുളത്തെ വോട്ടർമാരും വിട്ടില്ല. അവരും വോട്ട് ചെയ്യാൻ പാഞ്ഞെത്തി. മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റുവും വലിയ പോളിംഗ് ശതമാനത്തിന്റെ നേട്ടം സമ്മാനിച്ചാണ് അവർ രാത്രിയിൽ മടങ്ങിയത്. രാത്രി വൈകിയും വോട്ടിംഗ് നീണ്ടതോടെ കൃത്യമായ കണക്കുകൾ ഇപ്പോൾ നൽകാനാവില്ല. 2009ൽ 72.78 ശതമാനവും 2014 ൽ 73.59 ശതമാനവുമായിരുന്നു പോളിംഗ്. ഇത്തവണ ഇത മറികടന്നതോടെ മണ്ഡലം പുതിയ ചരിത്രമെഴുതുകയാണ്. വോട്ടിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് അനുകൂലമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. അക്രമ സംഭവങ്ങളൊന്നുമില്ലാതെ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. വോട്ടിംഗ് മെഷീനിലെ സാങ്കേതിക തകരാറുകൾ മാത്രമായിരുന്നു പ്രശ്‌നം. യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മാമംഗലം എസ്.എൻ.ഡി.പി ശാഖ ഹാളിലും ഇടതുമുന്നണി സ്ഥാനാർത്ഥി പി. രാജീവ് കുസാറ്റിലും എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം മണിമല സെന്റ് ജോർജ് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. എല്ലാം നിയമസഭ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം കൂടി.
എറണാകുളം
2014
പോളിംഗ് 73.59%
കളമശ്ശേരി -76.05
പറവൂർ - 79.14
വൈപ്പിൻ -74.94
കൊച്ചി - 68.6
തൃപ്പൂണിത്തുറ -73.91
എറണാകുളം - 68.86
തൃക്കാക്കര -72.31
എറണാകുളം
2019
പോളിംഗ് 76.75%
കളമശ്ശേരി -79.22
പറവൂർ - 81.68
വൈപ്പിൻ -75.79
കൊച്ചി - 74.51
തൃപ്പൂണിത്തുറ -76.06
എറണാകുളം - 73.27
തൃക്കാക്കര -75.76