കൊച്ചി : എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് സമാധാനപരം. കാലടി കാഞ്ഞൂരിൽ വൃദ്ധ കുഴഞ്ഞുവീണു മരിച്ചത് മാത്രമാണ് അനിഷ്ട സംഭവം. അങ്ങിങ്ങ് വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചെങ്കിലും പോളിംഗിനെ ബാധിച്ചില്ല. രാവിലെ മുതൽ വോട്ടർമാർ പ്രവഹിച്ചതോടെ ബൂത്തുകളിൽ നീണ്ട വരി രൂപപ്പെട്ടു. വോട്ടിംഗ് ശതമാനവും വർദ്ധിച്ചു.
രാവിലെ മുതൽ വലിയ തിരക്കാണ് ബൂത്തുകളിൽ അനുഭവപ്പെട്ടത്. ഉച്ചയോടെ തിരക്കു കുറഞ്ഞെങ്കിലും വീണ്ടും ജനപ്രവാഹമായി. തിരക്കു മൂലം വൈകിട്ട് ആറു കഴിഞ്ഞും മുപ്പത് ബൂത്തുകളിൽ വോട്ടെടുപ്പ് തുടർന്നു. ഒമ്പതു വരെയും ചിലയിടങ്ങളിൽ വോട്ടെടുപ്പ് തുടർന്നു.
പുതുവാശ്ശേരി കമ്യൂണിറ്റി ഹാൾ, വൈപ്പിൻ വില്ലേജോഫീസ് ബിൽഡിംഗ്, തിരുവാങ്കുളം ഗവ.ഹൈസ്‌കൂൾ, തിരുമാറാടി ജി.എച്ച്.എസ്.എസ്, ശ്രീനാരായണ ഹാൾ മഞ്ഞുമ്മൽ, പനിച്ചയം ഹാൾ, മലയാറ്റൂർ സെന്റ് തോമസ് എച്ച്.എസ്, അങ്കമാലി സെന്റ് ആന്റണീസ് എൽ.പി.എസ്, എളമക്കര ജി.എച്ച്.എസ്, സെൻറ് മേരീസ് ജി.എച്ച്.എസ്, കൊച്ചി, ജി.എച്ച്.എസ്. ഊരമന, കരുമാലൂർ മാമ്പ്ര അങ്കണവാടി, പൂക്കാട്ടുപടി സെന്റ് ജോർജ് സ്‌കൂൾ, തൃക്കാരിയൂർ ഡി.ബി.എച്ച്.എസ്, പറവൂർ സെന്റ് ജോർജ് എച്ച്.എസ്, മാലിപ്പാറ എൽ.പി.എസ്. എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രത്തിൽ തകരാർ സംഭവിച്ചത്. തകരാർ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു.