കൊച്ചി: പ്രാദേശിക കേബിൾ ടി.വി ഓപ്പറേറ്റർമാരും ഇവർക്ക് സിഗ്നലുകൾ നൽകുന്ന മൾട്ടി സിഗ്നൽ ഓപ്പറേറ്റർമാരും വരുമാനം പങ്കിടുന്നതിലെ തർക്കം പരിഹരിക്കാൻ ടെലികോം തർക്ക പരിഹാര അപ്പലേറ്റ് ട്രൈബ്യൂണലിനെ (ടിഡി സാറ്റ്) സമീപിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

വരുമാനം പങ്കിടുന്നതിന് ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) നിശ്ചയിച്ച 55: 45 അനുപാതം സ്വീകാര്യമല്ലെന്നും കേബിൾ ടിവി മേഖലയിൽ നിയന്ത്രണങ്ങളും താരിഫും നിശ്ചയിക്കാൻ ട്രായ്‌ക്ക് അധികാരമില്ലെന്നുമാരോപിച്ച് എറണാകുളം വെണ്ണലയിലെ കേബിൾ ഓപ്പറേറ്റേഴ്സ് വെൽഫെയർ അസോസിയേഷനും കേബിൾ ഓപ്പറേറ്റർമാരും നൽകിയ അപ്പീലുകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ടെലികോം (ബ്രോഡ്കാസ്റ്റ് ആൻഡ് കേബിൾ) സർവീസ് ഇന്റർ കണക്‌ഷൻ റെഗുലേഷൻസ് 2017ലെ വ്യവസ്ഥകളെയാണ് അപ്പീലിൽ ചോദ്യം ചെയ്തിരുന്നത്. നേരത്തേ ഇവർ നൽകിയ ഹർജിയിൽ വരുമാനം പങ്കിടാനുള്ള അനുപാതം സംബന്ധിച്ച തർക്കം പരിഹരിക്കാൻ ടിഡി സാറ്റിനെ സമീപിക്കാൻ സിംഗിൾബെഞ്ചും നിർദ്ദേശിച്ചിരുന്നു. ഈ വിധിയിൽ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീലുകൾ ഡിവിഷൻ ബെഞ്ച് തള്ളിയത്.