കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ആദ്യ നാലു പ്രതികളായ തില്ലങ്കേരി ലക്ഷ്മി നിലയത്തിൽ എ.പി. ആകാശ്, തില്ലങ്കേരി പഴയപുരയിൽ വീട്ടിൽ രഞ്ജിരാജ്, മുഴക്കുന്ന് കുറുവോട് ഹൗസിൽ കെ. ജിതിൻ, മുഴക്കുന്ന് കൃഷ്ണനിവാസിൽ ദീപ് ചന്ദ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. ഇവർ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2018 ഫെബ്രുവരി 12 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ടത്. ആകാശിനെയും രഞ്ജി രാജിനെയും 2018 ഫെബ്രുവരി 19 ന് അറസ്റ്റ് ചെയ്തു. കെ. ജിതിൻ ഫെബ്രുവരി 26 നും ദീപ് ചന്ദ് മാർച്ച് ആറിനും അറസ്റ്റിലായി. കേസിലെ മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും ഇവർ ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും പ്രതിഭാഗം വാദിച്ചു. ഈ പ്രതികളാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്നും ഇവർക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കുറ്റപത്രം നൽകിയ കേസിൽ പ്രതികൾ ഇനിയും ജയിലിൽ കഴിയേണ്ടതില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.