sreedaran-pillai

കൊച്ചി: ആറ്റിങ്ങലിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള മതവിദ്വേഷം വളർത്തുന്ന പരാമർശം നടത്തിയതു സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘത്തിനോ ക്രൈംബ്രാഞ്ചിനോ വിടണമെന്ന ഹർജിയിൽ എതിർ കക്ഷിയായ ശ്രീധരൻപിള്ളയ്ക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

ആറ്റിങ്ങലിലെ ഇടതു സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്‌ഷൻ ഏജന്റ് വി. ശിവൻകുട്ടിയാണ് ഹർജിക്കാരൻ. ഹർജി മദ്ധ്യവേനലവധിക്കുശേഷം പരിഗണിക്കും. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്നലെ പൊലീസ് കോടതിയിൽ വ്യക്തമാക്കി.

ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രചാരണ യോഗത്തിലാണ് ശ്രീധരൻപിള്ള വിവാദ പരാമർശം നടത്തിയത്. പാകിസ്ഥാനിലെ ബാലക്കോട്ട് ഇന്ത്യൻ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ''മരിച്ചവർ ഏതു ജാതിക്കാരാ, ഏതു മതക്കാരാ, ഇസ്ളാമാകണമെങ്കിൽ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ, ഡ്രസ് ഒക്കെ മാറ്റി നോക്കിയാൽ അല്ലേ ആളെ അറിയാൻ പറ്റുള്ളൂ. അപ്പൊ അങ്ങനെയൊക്കെ ചെയ്തിട്ടു തിരിച്ചുവരണമെന്നാ ചിലർ പറയുന്നത്" എന്നു ശ്രീധരൻ പിള്ള പ്രസംഗിച്ചെന്നും ഇതു മതവിദ്വേഷം വളർത്തുന്ന പരാമർശമാണെന്നുമാണ് ഹർജിക്കാരന്റെ വാദം.