വിജയപ്രതീക്ഷയിൽ യു.ഡി.എഫും എൽ.ഡി.എഫും ഇരട്ടിവോട്ട്പ്രതീക്ഷിച്ച് എൻ.ഡി.എ
ആലുവ: ചാലക്കുടി ലോക് സഭ മണ്ഡലത്തിൽ പോളിംഗ് ശതമാനത്തിൽ റെക്കോഡ് വർദ്ധനവുണ്ടായതോടെ മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ബൂത്തുകളിൽ നിന്നും ശേഖരിച്ച അവസാനവട്ട കണക്കുകൾ തലനാരിഴകീറി പരിശോധിക്കുകയാണ് മുന്നണികൾ .
ഇരു മുന്നണികളും പോളിംഗ് ഉയർന്നത് തങ്ങൾക്ക് അനുകൂലമാണെന്ന നിലപാടിലാണ്. സാധാരണ ഗതിയിൽ ഇടതു വോട്ടുകൾ കൃത്യമായി ചെയ്യാറുണ്ടെന്നും അതിനാൽ 2014നേക്കാൾ മൂന്ന് ശതമാനം പോളിംഗ് ഉയർന്നത് തങ്ങൾക്ക് അനുകൂലമാണെന്നുമാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. 2014ൽ 76.92 ശതമാനമായിരുന്നു പോളിംഗ് എങ്കിൽ ഇക്കുറി 80.11 ശതമാനമാണ്. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻ.ഡി.എയുടെ സജീവ സാന്നിദ്ധ്യവും പോളിംഗ് ശതമാനം ഉയരാൻ കാരണമായി.
എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ കക്ഷികൾക്ക് ലഭിക്കുന്ന വോട്ടുകൾ, മറ്റ് സ്ഥാനാർത്ഥികളുടെ വോട്ടുകൾ എന്നിവ പ്രത്യേകം രേഖപ്പെടുത്തി മൂന്ന് മുന്നണികളും ചൊവ്വാഴ്ച്ച രാത്രിയും ഇന്നലെയുമായി അവസാനവട്ട കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. കൈപ്പമംഗലം, കൊടുങ്ങല്ലൂർ ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. 40,000 ത്തിനും 70,000 ത്തിനും ഇടയിൽ വോട്ടുകളുടെ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നു. വെൽഫെയർ പാർട്ടിയുടെ പിന്തുണയും സീറ്റ് തിരിച്ചുപിടിക്കാൻ തുണയാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്.
അതേസമയം, ആലുവ, അങ്കമാലി മണ്ഡലങ്ങളൊഴികെ എല്ലായിടത്തും എൽ.ഡി.എഫ് മുൻതൂക്കം പ്രതീക്ഷിക്കുന്നു. 25,000ത്തിനും 40,000ത്തിനും ഇടയിൽ വോട്ടുകളുടെ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ അങ്കമാലിയിലും നേരിയ ഭൂരിപക്ഷം ഉണ്ടായേക്കാമെന്നും കണക്കാക്കുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി സംഘപരിവാറുകാരല്ലാത്തവരുടെ കൂടി വോട്ട് എൻ.ഡി.എ പ്രതീക്ഷിക്കുന്നുണ്ട്. 2014ൽ ഒരു ലക്ഷത്തോളം വോട്ടാണ് ബി.ജെ.പിയുടെ ബി. ഗോപാലകൃഷ്ണൻ നേടിയത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് 1.35 ലക്ഷമായി. അതിനാൽ ഇക്കുറി ഇരട്ടി വോട്ട് വരെ എൻ.ഡി.എ പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല സമരനായകൻ എന്ന പരിവേഷവും സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ ബി.ജെ.പി സംസ്ഥാന നേതാവെന്ന അംഗീകാരവും വോട്ടെടുപ്പിൽ നേട്ടമായിട്ടുണ്ടെന്നാണ് എൻ.ഡി.എയുടെ വിലയിരുത്തൽ.