കൊച്ചി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനുശേഷം വിശ്രമിച്ചും പതിവുപോലെ തിരക്കിൽപ്പെട്ടുമായിരുന്നു വിവിധ സ്ഥാനാർത്ഥികൾ വോട്ടെടുപ്പിന്റെ പിറ്റേന്ന് ചെലവഴിച്ചത്. വോട്ടെടുപ്പ് വിശകലനത്തിനും ചർച്ചകൾക്കും അവർ സമയം കണ്ടെത്തി.
ഇന്നസെന്റ്
തിരക്കിൽ നിന്നെല്ലാമൊഴിഞ്ഞ് തീർത്തും വിശ്രമിച്ച ദിവസമായിരുന്നു ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്. ദിവസം മുഴുവൻ കുടുംബാംഗങ്ങളോടൊപ്പം വീട്ടിൽ കഴിഞ്ഞു. ഇടയ്ക്ക് സി.പി.എം., എൽ.ഡി.എഫ് നേതാക്കളുമായി ഫോണിൽ സംസാരിച്ചപ്പോൾ മാത്രമാണ് തിരഞ്ഞെടുപ്പ് വിഷയമായത്.
വോട്ടെടുപ്പിന് മുമ്പു തന്നെ ടെൻഷനുണ്ടായിരുന്നില്ല, പിന്നെന്തിനാ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം എന്നാണ് ഇന്നസെന്റിന്റെ ചോദ്യം.
ഹൈബി ഈഡൻ
എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് തിരക്കിന് ഒട്ടും കുറവുണ്ടായിരുന്നില്ല. മഴയിലും കാറ്റിലും നാശനഷ്ടം നേരിട്ട കുമ്പളങ്ങി, ഇടക്കൊച്ചി ഭാഗത്തെ മത്സ്യത്തൊഴിലാളികളുടെ അടുത്തേക്കാണ് രാവിലെ എത്തിയത്. കുമ്പളങ്ങിയിലെ മരണ വീട് സന്ദർശിച്ച് ഇടപ്പള്ളി ജുമാ മസ്ജിദിൽ സമൂഹ വിവാഹത്തിലും പങ്കെടുത്തു.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലുമെത്തി. വിജയത്തിൽ ആർക്കും സംശയമില്ലായിരുന്നു.
കുടിവെള്ളക്ഷാമം നേരിടുന്ന ചേരാനല്ലൂരിലെ ജനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കുവിന്റെയും അംഗങ്ങളുടെയും നേതൃത്വത്തിൽ വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ ഓഫീസ് തടഞ്ഞതറിഞ്ഞ് അവിടെയുമെത്തി. സ്ഥലം എംഎൽഎ കൂടിയായ ഹൈബിയും സമരത്തിൽ പങ്കുചേർന്നു.
# അൽഫോൻസ് കണ്ണന്താനം
എറണാകുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം രാവിലെ പതിവു നടത്തം മുടക്കിയില്ല. പകൽ മുഴുവൻ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ചു. രാത്രി ലൂസിഫർ സിനിമ കണ്ടു. നാളെ തമിഴ്നാട്ടിലേയ്ക്ക് പോയി രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തും. 30 ന് ഡൽഹിയിലേക്ക് പോകും.