ആലുവ: പ്രതിഷേധങ്ങൾക്കൊടുവിൽ കോൺക്രീറ്റ് കട്ടകൾ വിരിച്ച് നിർമ്മാണം പൂർത്തിയാക്കിയ റോഡ് രണ്ട് മാസം തികയും മുമ്പേ ഭൂഗർഭ പൈപ്പിനാടെന്ന പേരിൽ വീണ്ടും കുത്തിപ്പൊളിച്ചത് പ്രതിഷേധത്തിനിടയാക്കി. കീഴ്മാട് ഗ്രാമപഞ്ചായത്തിൽ തോട്ടുമുഖം - തടിയിട്ടപറമ്പ് റോഡിലാണ് ജെ.സി.ബി ഉപയോഗിച്ച് ഇന്നലെ റോഡ് കുത്തിപ്പൊളിച്ചത്. സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ നടത്തുന്ന നിർമ്മാണവും പൊളിക്കലുമെല്ലാം പൊതുഖജനാവിലെ ലക്ഷങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. നാട്ടുകാരുടെ ദുരിതം വേറെയും. ദീർഘവീഷണമില്ലാത്ത നിർമ്മാണ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.