കൊച്ചി : പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തലശേരി ചിറക്കര മോറക്കാവ് തൗഫീഖ് വീട്ടിൽ മുഹമ്മദ് അഫ്സലിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. തലശേരി ഒന്നാം അഡി. സെഷൻസ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ അഫ്സൽ നൽകിയ അപ്പീൽ ഡിവിഷൻബെഞ്ച് തള്ളി.
2004 ജനുവരി 23നാണ് തലശേരി ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥി ചിറക്കര കെ.ടി.പി മുക്ക് സംജാസിൽ ഷഫ്നയെ വീട്ടിൽ അതിക്രമിച്ചുകയറി അഫ്സൽ വെട്ടിക്കൊലപ്പെടുത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്താലാണിത്. ഉച്ചയ്ക്ക് തന്റെ വീട്ടുമുറ്റത്ത് ആട്ടോയിൽ വന്നിറങ്ങിയ ഷഫ്നയെ നേരത്തേ ഇവിടെ എത്തി ഒളിച്ചിരുന്ന അഫ്സൽ ബാഗിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് തുരുതുരാ വെട്ടിവീഴ്ത്തിയെന്നാണ് കേസ്. കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കയറിയ കുറ്റത്തിന് മൂന്നുമാസം കഠിനതടവും 500 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. ഇൗ ശിക്ഷാവിധിയിൽ ഇടപെടാൻ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻബെഞ്ച് അപ്പീൽ തള്ളിയത്.
2004 ൽ അറസ്റ്റിലായ അഫ്സൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയിരുന്നു. 2013ൽ ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.