കൊച്ചി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ആസ്റ്റർ ഡി.എം ഫൗണ്ടേഷനും റോട്ടറി കൊച്ചിൻ ഹാർബറും ചേർന്ന് നിർമ്മിച്ച ആസ്റ്റർ റോട്ടറി ഹോംസ് പദ്ധതിയിലെ ആദ്യഘട്ട വീടുകൾ കൈമാറി. താക്കോൽദാനം ചലച്ചിത്രതാരം അപർണ ബാലമുരളി നിർവഹിച്ചു. കുന്നുകര പഞ്ചായത്തിലെ വടക്കൻ കുത്തിയതോട് വേളാങ്കണ്ണി മാതാ കോളനിയിയിലാണ് എട്ട് വീടുകൾ നിർമ്മിച്ചത്. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ എക്‌സിക്യുട്ടീവ് ഡയറക്ടർ ടി.ജെ. വിൽസൺ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എ.വി. പതി, ആർക്കിടെക്ട് ശങ്കർ, കൊച്ചിൻ ഹാർബർ റോട്ടറി പ്രസിഡന്റ് സി.വി. ഇഗ്‌നേഷ്യസ്, ആസ്റ്റർ വോളന്റിയേഴ്‌സ് ഹെഡ് കൃഷ്ണഭാസ്‌കർ എന്നിവർ പങ്കെടുത്തു.
സംസ്ഥാനമാകെ 75 വീടുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് റോട്ടറി കൊച്ചിൻ ഹാർബറുമായി ചേർന്നുള്ള പദ്ധതി നടപ്പാക്കിയത്. ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവരുടെ വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്ന് ആസ്റ്റർ ഡി.എം. ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയും ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഫെബ്രുവരി 25 നാണ് ചലച്ചിത്രതാരം ജയസൂര്യ ആസ്റ്റർറോട്ടറി ഹോംസ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്.