കൊച്ചി: ഇരുന്നൂറ് കൊല്ലം പഴക്കമുള്ള മനുഷ്യനിർമ്മിത വനത്തിനായി പരിസ്ഥിതി സ്‌നേഹികൾ കൈകോർക്കുന്നു. എറണാകുളം നോർത്ത് പറവൂർ വഴിക്കുളങ്ങരയിലുള്ള 'ശാന്തിവന'ത്തിന് കുറുകെ വൈദ്യുതി ബോർഡിന്റെ ടവർ ലൈൻ സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിരോധ കൂട്ടായ്മയൊരുങ്ങുന്നത്. ശാന്തിവനത്തിന്റെ പച്ചപ്പ് ഇല്ലായ്മ ചെയ്യുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പരിസ്ഥിതി പ്രവർത്തകരും ഒന്നിച്ചുചേരും.
കാവുകളും കുളങ്ങളും ഇടതൂർന്ന മരങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ ശാന്തിവനത്തിന് കുറകെ കെ.എസ്.ഇ.ബിയുടെ ടവർ ലൈൻ സ്ഥാപിക്കുന്നതിനുള്ള പണികൾ പുരോഗമിക്കുകയാണ്. ഇതോടെ കാവുകളിലൊന്ന് പൂർണമായും നശിക്കും. വൻ മരങ്ങളുടെ കടയ്ക്കൽ മഴു വീഴും. ശാന്തിവനത്തിന്റെ മുകളിലൂടെ 'വി' ആകൃതിയിലാണ് ടവർ ലൈൻ കടന്നുപോകുന്നത്. ലൈനിന് ഇരുവശത്തുമായി 22 മീറ്ററോളം ഭാഗത്തെ വൃക്ഷങ്ങൾ ഇതിനായി മുറിച്ചു മാറ്റേണ്ടി വരും.
ശാന്തിവന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30ന് ശാന്തിവനത്തിൽ സംസ്ഥാന കൺവെൻഷൻ നടക്കും. പരിസ്ഥിതി സ്നേഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. നിലവിൽ പ്രതിഷേധ പരിപാടികൾ ശാന്തിവനത്തിൽ നടന്നു വരുന്നുണ്ട്.
ശാന്തിവനം
ദേശീയപാതയോട് ചേർന്ന് രണ്ട് ഏക്കറിലധികം വിസ്തൃതിയിലാണ് ശാന്തിവനം. അപൂർവയിനം ദേശാടനപ്പക്ഷികൾ ഉൾപ്പെടെയുള്ളവ ഇവിടെ വിരുന്നെത്താറുണ്ട്. നാകമോഹൻ, പിറ്റ, സൈബീരിയൻ കൊക്കുകൾ തുടങ്ങിയവയൊക്കെ ഇവിടെ പതിവായിട്ടെത്തുന്നവയാണ്. കൂടാതെ, പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ്, പൈൻ ഉൾപ്പെടെയുള്ള വൻമരങ്ങൾ, വിവിധയിനം കിളികൾ, ചിത്രശലഭങ്ങൾ, ബുൾ ഫ്രോഗ് ഇനത്തിൽപെട്ട വലിയ ഇനം തവളകൾ, തച്ചൻകോഴി, മരപ്പട്ടി, വെരുക് എന്നിവ ശാന്തിവനത്തെ ആശ്രയിക്കുന്നവയാണ്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിത്ത് ബാങ്കുകളിലൊന്നാണിവിടം. പരിസ്ഥിതി സ്‌നേഹിയായിരുന്ന രവീന്ദ്രനാഥും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് പാരമ്പര്യമായി കിട്ടിയ ഈ ജൈവ വൈവിധ്യ മേഖലയെ ശാന്തിവനം എന്ന പേരിട്ട് സംരക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മകൾ മീനാ മേനോൻ ശാന്തിവനത്തിന്റെ സംരക്ഷണം ഏറ്റെടുത്തു.
അധികൃതരുടെ ഒത്തുകളി
രണ്ട് അലൈൻമെന്റുകളാണ് ടവറിനായി പരിഗണിച്ചിരുന്നത്. വനത്തിനുള്ളിലൂടെയാണ് ഒന്ന്. വനത്തിന്റെ ഏതെങ്കിലും അരികിലൂടെ ടവർ ലൈൻ കൊണ്ടുപോകണമെന്ന നിർദേശവും അധികൃതർ പരിഗണിച്ചില്ല.
മീനാ മേനോൻ, ശാന്തിവനത്തിന്റെ ഉടമ
രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും
വൈപ്പിൻ ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന ടവർ ലൈൻ പദ്ധതിയുടെ ശാന്തിവനത്തിലെ നിർമാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർമാണം ആരംഭിച്ചത്. 20 വർഷം പഴക്കമുള്ള പദ്ധതിയാണിത്.
ജോർജ് ജെയിംസ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കളമശേരി സെക്ഷൻ, കെ.എസ്.ഇ.ബി