കൊച്ചി : തങ്ങൾകുഞ്ഞു മുസ്‌ലിയാർക്ക് കൊല്ലം തെന്മലയിൽ കുത്തകപ്പാട്ടമായി നൽകിയ ഭൂമി തിരിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്ത സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. മുസ്‌ലിയാരുടെ മകൻ കമാലുദ്ദീൻ മുസ്‌ലിയാർ ഉൾപ്പെടെ അഞ്ചു പേർ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളി.
തെന്മലയിൽ ഏഴ് സർവേനമ്പരുകളിലായി 11 ഏക്കർ 27 സെന്റ് ഭൂമി 75 വർഷം മുമ്പാണ് തിരുവിതാംകൂർ സർക്കാർ കുത്തകപ്പാട്ടം നൽകിയത്. പിന്നീട് 60 സെന്റ് സ്ഥലം കല്ലട ജലസേചന പദ്ധതിക്കായി തിരിച്ചു കൊടുത്തു. ശേഷിച്ച പത്ത് ഏക്കർ 67 സെന്റ് സ്ഥലത്തിന് പാട്ടത്തുക നൽകുകയോ ഇതിനെതിരെ സർക്കാർ നടപടി എടുക്കുകയോ ചെയ്തിരുന്നില്ല.
തങ്ങൾകുഞ്ഞു മുസ്‌ലിയാർ ഭൂമി കമാലുദ്ദീൻ ഉൾപ്പെടെ മക്കൾക്ക് ഇഷ്ടദാനം നൽകിയതു ചട്ട ലംഘനം ആണെന്നും കുത്തകപ്പാട്ടം റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണമെന്നും വ്യക്തമാക്കി പത്തനാപുരം തഹസീൽദാർ 2013 മേയ് 25 ന് നോട്ടീസ് നൽകി. മറുപടി നൽകാത്തതിനാൽ 2013 ജൂലായ് ഒന്നിന് കുത്തകപ്പാട്ടം റദ്ദാക്കി. ഭൂരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഇവിടെ 299 പേർക്ക് പട്ടയം നൽകി. സർക്കാരിന്റെ ഈ നടപടികളെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.