car

കൊച്ചി: കാണാതായ യുവതിയെ അന്വേഷിച്ചു ബന്ധുക്കളും പൊലീസ് ഉദ്യോഗസ്ഥരും സഞ്ചരിച്ച കാർ തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. യുവതിയുടെ ഇളയച്‌ഛനായ സതേൺ റെയിൽവേ തിരുവനന്തപുരം കോച്ചിംഗ് ഡിപ്പോ സീനിയർ സെക്‌ഷൻ എൻജിനീയർ തിരുവനന്തപുരം മണ്ണന്തല സൂര്യനഗറിൽ സൂര്യ അവന്യുവിൽ ഉഷസിൽ ഹരിനാരായണനാണ് (51) മരിച്ചത്.

കൊച്ചി ഇൻഫോർപാർക്ക് പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ വിനായകൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, ഡിനിൽ, രാജേഷ്, യുവതിയുടെ ബന്ധുവായ വിനു എന്നിവർക്ക് പരിക്കേറ്റു. ഇവർ കോയമ്പത്തൂർ മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. വിനായകൻ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ പുലർച്ചെ 6.30 ന് തമിഴ്നാട് അവിനാശ് ആളംപാളയത്തിലായിരുന്നു അപകടം.

ഹരിനാരായണന്റെ തൃപ്പൂണിത്തുറിയിൽ താമസിക്കുന്ന ജ്യേഷ്‌ഠന്റെ മകളെയാണ് കാണാതായത്. പെൺകുട്ടി ഹൈദരാബാദിലുണ്ടെന്ന വിവരം ലഭിച്ചതോടെ ഹരിയും കേസന്വേഷിക്കുന്ന പൊലീസുകാരും വാടകയ്‌ക്കെടുത്ത കാറിൽ അന്വേഷണത്തിന് പുറപ്പെടുകയായിരുന്നു. ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറിയ നിലയിലാണ് കാർ. വാഹനമോടിച്ച ഹരി ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.

യുവതിയെ കാണാതായതോടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസമാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. സൈബർസെൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യുവതി ഹൈദരാബാദിലുണ്ടെന്ന് മനസിലായിത്.

ഹരിനാരായണന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് ശേഷം മൂന്നിന് ആലുപ്പുഴ തോണ്ടൻകുളങ്ങരയിലെ കുടുംബവീടായ വൃന്ദാവനിൽ. ഭാര്യ: ഉഷശ്രീ മേനോൻ. മക്കൾ: ആർ. പൂർണിമ (വിദ്യാർത്ഥിനി, മാർ ബസേലിയോസ് കോളേജ് തിരുവനന്തപുരം),രാജ്കൃഷ്‌ണൻ (വിദ്യാർത്ഥി, പട്ടം കേന്ദ്രീയ വിദ്യാലയ). സഹോദരങ്ങൾ : ജി. രാധാകൃഷ്‌ണപിള്ള (റിട്ട. എക്‌സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി), എം. രാധിക കുമാരി, എം. ദേവിക കുമാരി.