കൊച്ചി: ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നേടാനാവശ്യമായ സാങ്കേതിക വിജ്ഞാനവും വിദ്യാർത്ഥികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ബംഗളൂരു ആസ്ഥാനമായ ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ഇൻഫോപാർക്കിലെ കാമ്പസിൽ തുടക്കമിട്ടു. ഉദ്ഘാടനം എ.ഐ.സി.ടി.ഇ വൈസ് ചെയർമാൻ ഡോ.എം.പി. പൂനിയ നിർവഹിച്ചു.

ജെയിൻ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ചെൻരാജ് റോയ്ചന്ദ്, കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ. ശശിധരൻ, എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം ഹരികുമാർ, സി-ആപ്പ് മാനേജിംഗ് ഡയറക്‌ടർ ഡോ.സി. അബ്‌ദുൾ റഹ്മാൻ, എ.ഐ.സി.ടി.ഇ ഡയറക്‌ടർ ഡോ. രമേശ് ഉണ്ണികൃഷ്ണൻ, ജയഭാരത് ഗ്രൂപ്പ് ചെയർമാൻ എ.എം. കരിം, ഇന്നോവേഷൻ ആൻഡ് റിസർച്ച് സൊസൈറ്റി ചെയർമാൻ ഡോ. നിസാം റഹ്മാൻ, എ.ഐ.സി.ടി.ഇ നോഡൽ ഓഫീസർ ഡോ.അബ്‌ദുൾ റഹ്മാൻ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ജെ.യു.എക്‌സ് ഓൺ കാമ്പസ് എന്ന ഓൺലൈൻ വിദ്യാഭ്യസ പദ്ധതിയിൽ ഡാറ്റാ സയൻസ്, ബിഗ് ഡേറ്റാ അനലറ്റിക്‌സ്, മൊബൈൽ ആപ്പ് വികസനം, ക്ലൗഡ് ടെക്‌നോളജി, ഐ.ഒ.ടി., ഇൻഫോർമേഷൻ സെക്യൂരിറ്റി, അനലറ്റിക്കൽ ഇന്റലിജൻസ്, വെബ് ഡവലപ്പന്റ്, റിന്യുവബിൾ എനർജി, റോബോട്ടിക് ആൻഡ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് മാനേജ്‌മെന്റ്, ഫിനാൻഷ്യൽ മോഡലിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ-കൊമേഴ്‌സ്, അഡ്വർടൈസിംഗ് തുടങ്ങിയ കോഴ്‌സുകൾ ലഭ്യമാക്കുമെന്ന് ചെൻരാജ് റോയ് ചന്ദ് പറഞ്ഞു. പഠനത്തോടൊപ്പം ഓൺലൈൻ വഴി വിദഗ്ദ്ധരുമായി സംവദിക്കാനും അവസരം ഒരുക്കും. ജോബ് ഫെയറുകൾ, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ചും വിവരങ്ങൾ ലഭ്യമാക്കും.