കോതമംഗലം: കനത്ത കാറ്റിലും മഴയിലും പിണ്ടിമന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടം. ഇന്നലെ വൈകിട്ട് പൊടുന്നനെയുണ്ടായ കനത്ത കാറ്റിൽ പിണ്ടിമന പ്ലാത്തുംമൂട്ടിൽ സുകുമാരന്റെ വീടിന്റെ മുകളിലേക്ക് തേക്കും അടയ്ക്കാമരവും വീണ് വീട് ഭാഗികമായി തകർന്നു. തൊട്ടടുത്ത പട്ടരുമഠം സോമന്റെ വീടിന്റെ മുകളിലേക്ക് പ്ലാവ് വീണ് വീടിന്റെ ഒരു ഭാഗം തകർന്നു. പിണ്ടിമന എസ്.എൻ.ഡി.പി ശാഖായോഗം ഓഫീസിന് മുകളിലേക്ക് ആഞ്ഞിലിമരം മറിഞ്ഞ് വീണ് നാശമുണ്ടായി. നിരവധി ഇലക്ട്രിക് പോസ്റ്റുകളും റബ്ബർ മരങ്ങളും ഒടിഞ്ഞ് വീണ് പിണ്ടിമന പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളിലെയും ഗതാഗതം തടസപ്പെട്ടു. വൈദ്യുതിയും നിലച്ചു.