കൊച്ചി: യാത്രക്കാരെ ബസിനുള്ളിൽ മൃഗീയമായി മർദ്ദിച്ച് റോഡിൽ തള്ളിയ സംഭവത്തിൽ സുരേഷ് കല്ലട ട്രാവൽസ് ഉടമ സുരേഷ്‌കുമാർ പൊലീസിന് മുന്നിൽ ഹാജരായി. തൃക്കാക്കര അസി. കമ്മിഷണർ സ്‌റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘം രാത്രി വൈകിയും മൊഴിയെടുക്കൽ തുടരുകയാണ്.
ആരോഗ്യപ്രശ്‌നങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് സുരേഷ് ഇന്നലെ രാവിലെ പൊലീസിനെ അറിയിച്ചിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്. പിന്നീട് നാലു മണിക്ക് തൃക്കാക്കര അസി. കമ്മിഷണർ ഓഫീസിൽ ഹാജരാകുകയായിരുന്നു.
ജീവനക്കാർ യുവാക്കളെ മർദ്ദിക്കുന്ന ദൃശ്യം ഫേസ്ബുക്കിൽ വൈറലായതോടെയാണ് സംഭവമറിഞ്ഞതെന്ന് സുരേഷ് മൊഴി നൽകി. ബസ് സർവ്വീസിന്റെ ദൈനംദിന കാര്യങ്ങളിൽ നേരിട്ട് ഇടപെടാറില്ല.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കുന്ന ബസ് ശൃംഖലയാണ് കല്ലടയുടേത്. എല്ലാം ഓപ്പറേറ്റ് ചെയ്യുന്നത് മാനേജർമാരാണ്. അവർ സംഭവം അറിയിച്ചിരുന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കുറ്റക്കാരായ ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തെന്നും സുരേഷ് മൊഴി നൽകി.
ക്രൂരമർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ
വൈറ്റില ജംഗ്‌ഷനിൽ യുവാക്കളെ ജീവനക്കാർ മർദ്ദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിലൂടെ വലിച്ചിഴച്ച് മർദ്ദിക്കുന്നതും ബിയർ കുപ്പിക്ക് അടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദനത്തിനിടയിൽ ജീവനക്കാരിൽ നിന്ന് കുതറി റോഡ് മുറിച്ചു കടക്കുന്നതും കാണാം.