നെടുമ്പാശേരി: വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ യാത്രക്കാരുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നത് ലക്ഷ്യമെട്ട് കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) മൊബൈൽ ആപ്പ് അവതരിപ്പിച്ചു. 'Cochin Airport" എന്ന സൗജന്യ ആപ്പ് ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ളാറ്ര്‌ഫോമുകളിൽ ലഭിക്കും. വിമാനങ്ങളുടെ കൃത്യമായ സമയപ്പെട്ടിക, ഗേറ്ര് മാറ്ര അറിയിപ്പ്, ബാഗേജ് ലഭ്യമാകുന്ന സ്ഥലം, പാർക്കിംഗ് സൗകര്യം, എ.ടി.എം., ഫാർമസി, ടോയ്‌ലറ്ര്, ഫോൺ ചാർജിംഗ് പോയിന്റ്, സ‌്മോക്കിംഗ് റൂം, കടകൾ, ഡ്യൂട്ടീ ഫ്രീയിലെ ഉത്‌പന്നങ്ങൾ, ഉപഭോക്താക്കൾക്കുള്ള ഓഫറുകൾ, എയർലൈൻ ഓഫീസുകൾ, ഇമിഗ്രേഷൻ ഓഫീസ്, കാലാവസ്ഥ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ലഭിക്കും.
ടെർമിനലുകളിൽ വഴി അറിയാനും ആപ്പ് സഹായിക്കും. ഇംഗ്ളീഷ്, മലയാളം ഭാഷകൾ ആപ്പിലുണ്ട്. ഇൻസ്യൂഡ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ് ആപ്പ് തയ്യാറാക്കിയത്. 'വെതർ ഡോട്ട് കോം" വെബ്‌സൈറ്റിന്റെ സഹായത്തോടെയാണ് തത്‌സമയ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കുന്നത്. വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ സിയാൽ മാനേജിംഗ് ഡയറക്‌ടർ വി.ജെ. കുര്യൻ ആപ്പ് പുറത്തിറക്കി. എയർപോർട്ട് ഡയറക്‌ടർ എ.സി.കെ. നായർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എ.എം. ഷബീർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു. വിമാനത്താവള യാത്രക്കാർക്കും സന്ദർശകർക്കും പരമാവധി പ്രയോജനം ലഭ്യമാകത്തക്കവിധമാണ് ആപ്പ് തയ്യാറാക്കിയതെന്ന് വി.ജെ. കുര്യൻ പറഞ്ഞു.