പള്ളുരുത്തി : അർദ്ധരാത്രിയിലെ ഫോൺവിളിയെ തുടർന്നുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കണ്ണമാലി സ്വദേശിനി ഷേർളി (44) ആണ് മരിച്ചത്. ഭർത്താവ് സേവ്യർ (67) അറസ്റ്റിലായി.
ഭാര്യയോടുള്ള സംശയവും അർദ്ധരാത്രിയിലും ഫോണിൽ പലരുമായും സംസാരിക്കുന്നതിലുള്ള അസ്വസ്ഥതയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ പുലർച്ചെയാണ് മാസങ്ങളായി നീണ്ട കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ രാത്രിയിലും ഇരുവരും തമ്മിൽ വഴക്കും കൈയാങ്കളിയുമുണ്ടായി. തുടർന്ന് തോർത്ത് കൊണ്ട് ഷേർളിയുടെ കഴുത്ത് മുറുക്കി കൊന്നെന്ന് സേവ്യർ പൊലീസിന് മൊഴി നൽകി. കൊലപാതക വിവരം സേവ്യർ തന്നെയാണ് പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. വീടിന് പിന്നിലെ ചായ്പിലായിരുന്നു മൃതദേഹം. ഷേർളിയുടെ വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
കണ്ണമാലിയിൽ ചെമ്മീൻ കെട്ടിലാണ് സേവ്യറിന് ജോലി. ഷേർളി തൊഴിലുറപ്പ് തൊഴിലാളിയാണ്. ഏതാനും ദിവസം മുമ്പ് പാലക്കാട്ടേക്ക് ജോലിയുടെ ആവശ്യത്തിനെന്നു പറഞ്ഞു പോയ ഇവരെ കാണാനില്ലെന്നു കാണിച്ച് സേവ്യർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇടപെട്ട് മടക്കി എത്തിക്കുകയും ചെയ്തു. വീണ്ടും പാലക്കാട്ടേക്ക് പോകണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും സേവ്യർ സമ്മതിച്ചിരുന്നില്ല.
മുൻഭാര്യയെ കൊലപ്പെടുത്തിയതിന് സേവ്യറുടെ പേരിൽ തമിഴ്‌നാട്ടിൽ കേസ് ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയ്ക്ക് കൂട്ടു കിടക്കാൻ വന്ന ഷേർളിയുമായി സേവ്യർ അടുപ്പത്തിലായി വിവാഹം ചെയ്തതാണ്. ഇവർക്ക് 19 വയസുള്ള മകനുണ്ട്.