കൊച്ചി : സുരേഷ് കല്ലട ബസിൽ യാത്രക്കാരെ മൃഗീയമായി മർദ്ദിച്ച കേസിലെ ഏഴു പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നൽകിയ അപേക്ഷ എറണാകുളം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കല്ലടയുടെ ബസുകളിൽ ആയുധങ്ങൾ സൂക്ഷിക്കുന്നതായി യാത്രക്കാർ മൊഴി നൽകിയിരുന്നു. ഇവ കണ്ടെത്തണമെങ്കിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇവർ ആദ്യം നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.
ജിതിൻ, ജയേഷ്, അൻവറുദ്ദീൻ, രാജേഷ്, വിഷ്ണു, കുമാർ, ഗിരിലാൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കല്ലടയുടെ ബസുകളിൽ മർദ്ദനമേറ്റെന്ന് ചൂണ്ടിക്കാട്ടി കേരളത്തിന്റെ പലഭാഗത്തു നിന്നും യാത്രക്കാർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഇവരെ വിശദമായി ചോദ്യം ചെയ്താലേ വ്യക്തമാകൂവെന്നും മർദ്ദനമേറ്റ യാത്രക്കാരിലൊരാളുടെ ലാപ്ടോപ്പ് തിരികെ കിട്ടാനുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.