revathy

കൊച്ചി: സിനിമയുടെ അകത്തും പുറത്തും സംഭവിക്കുന്ന സ്ത്രീ വിരുദ്ധതയെ രൂക്ഷമായി വിമർശിച്ചും അനുകൂലമായ ഇടപെടലുകളെ സ്വാഗതം ചെയ്തും ഡബ്ല്യു. സി .സി യുടെ രണ്ടാം വാർഷികാഘോഷം നടന്നു. ബോളിവുഡിലെ പ്രശസ്ത താരങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.സ്ത്രീ സിനിമാ പ്രവർത്തകർക്കെതിരായ ആണധികാരത്തെ ചോദ്യം ചെയ്യാൻ കൂട്ടായ്മയ്ക്ക് കഴിഞ്ഞതായി ചടങ്ങിൽ അദ്ധ്യക്ഷയായ രേവതി പറഞ്ഞു. ലിംഗപരമായ വേർതിരിവുകൾക്കെതിരെയാണ് ഡബ്ല്യു.സി.സി ആദ്യമായി ശബ്ദം ഉയർത്തിയത്. അമ്മയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടില്ല. ഇപ്പോഴും ആ പേരാട്ടം തുടരുകയാണ്. ഫെഫ്കയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി സ്ത്രീകളെ തീരുമാനിക്കാനും ഡബ്ല്യു.സി.സിയുടെ ഇടപെടലുകൾ വഴിയൊരുക്കിയതായി രേവതി പറഞ്ഞു.

കൂട്ടായ്മയിൽ വലിയ പ്രതീക്ഷ: കെ .കെ. ശൈലജ

മലയാളസിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിനെ (ഡബ്ല്യു.സി.സി) സംസ്ഥാന സർക്കാർ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. രണ്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സിനിമപോലെ പുരുഷമേധാവിത്വം നിലനിൽക്കുന്നിടത്ത് ആദ്യമായി ഡബ്ല്യു.സി.സിയാണ് ചെറുത്തുനിൽപ്പിന് തുടക്കംകുറിച്ചത്. പഴയകാല തിന്മകളിൽ ചിലത് സമൂഹത്തിൽ അവശേഷിക്കുന്നുണ്ട്. അതിനൊപ്പം ചില പുതിയ തിന്മകൾകൂടി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ഇതിന് രണ്ടിനുമെതിരെ പോരാടിയാൽമാത്രമേ മുന്നോട്ടുപോകാനാകൂ. മന്ത്രി പറഞ്ഞു.

തമിഴ് സംവിധാകയൻ പാ രഞ്ജി​ത്ത് മുഖ്യപ്രഭാഷണം നടത്തി. ഡോക്യുമെന്ററിക്ക് ഓസ്‌കാർ നേടിയ നിർമ്മാതാവ് ഗുനീത മോംഗ, ബോളിവുഡ് നടി സ്വര ഭാസ്‌കർ, സംവിധായകൻ ഡോ.ബിജു, ആശ ആച്ചി ജോസഫ്, അജിത, വിധു വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സംഗീത നിശയും അരങ്ങേറി.