ആലുവ: മൂന്നാമത് റോളർ നെറ്റെഡ് ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലയെ നയിക്കാൻ ജനസേവയിലെ ആർ. വടിവേലുവും, അഭിലാഷ് മുജീബുംതയ്യാറെടുക്കുന്നു. കരുനാഗപ്പള്ളി ലോർഡ്‌സ് പബ്‌ളിക് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നും നാളെയുമാണ് മത്സരം. വടിവേലു സീനിയർ വിഭാഗത്തെയും അഭിലാഷ് സബ് ജൂണിയർ വിഭാഗത്തെയുമാണ് നയിക്കുന്നത്. ഇവർക്ക് പുറമേ പി. അജിത് കുമാർ, എം. വിഘ്‌നേഷ്, ആർ. വിഷ്ണു എന്നിവർ സീനിയർ വിഭാഗം ടീമിലും മഞ്ച ആനന്ദ്, രഞ്ജിത് രാജു എന്നിവർ സബ് ജൂനിയർ ടീമിലുമായി എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്നുണ്ട്.
. ചെങ്ങമനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, നെടുമ്പാശ്ശേരി എം.എ. എച്ച്.എസ്, മൂഴിക്കുളം സെന്റ് മേരീസ് യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഈ കുട്ടികൾ. ജനസേവ സ്‌പോർട്‌സ് അക്കാദമിയിലെ സ്‌കേറ്റിംഗ് കോച്ചായ കെ.പി. അലക്‌സാണ്ടറിന്റെ ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.