rajeev
റീ പോളിങ് നടക്കുന്ന കിഴക്കെകടുങ്ങല്ലൂർ 83 -ാം ബൂത്തിൽ എൽ.ഡി.എഫ്. സ്ഥാനർഥി പി.രാജീവ് വോട്ടർഭ്യർത്ഥിക്കുന്നു

ആലുവ: റീ പോളിംഗ് നടക്കുന്ന കിഴക്കെ കടുങ്ങല്ലൂർ 83-ാം ബൂത്ത് പരിധിയിലെ വീടുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവ് സന്ദർശനം നടത്തി. രാവിലെ ഏഴിന് നിരവധി പ്രവർത്തകരോടൊപ്പം കടേപ്പിള്ളിയിൽ നിന്നും ആരംഭിച്ച ഭവന സന്ദർശനം പത്ത് മണിയോടെ അവസാനിപ്പിച്ച് വൈകിട്ട് അഞ്ചിന് വീണ്ടും ആരംഭിച്ചു.

വീടുവീടാന്തരം കയറിയിറങ്ങി വോട്ടർമാരെ നേരിൽ കണ്ടു. തനിക്ക് വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിച്ച രാജീവ് താൻ രാജ്യസഭ അംഗമായിരുന്നപ്പോൾ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ ജനോപകാര പ്രദമായ പദ്ധതികളെ കുറിച്ച് വോട്ടർമാരോടു പറഞ്ഞു. ചൊവ്വാഴ്ച റീ പോളിങ് ആയതിനാൽ സ്ഥാനാർഥികൾ നേരിട്ടു വരുന്നതിന്റെ ആഹ്ലാദത്തിലാണ് വോട്ടർമാർ. മുന്നൂറോളം വീടുകൾ ഉൾപ്പെടുന്ന ബൂത്തിൽ 912 വോട്ടർമാരുണ്ട്. തേൻമാലി, തോപ്പിൽ എന്നിവിടങ്ങളിലെ വീടുകൾ ഇന്ന് സന്ദർശിക്കും. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ്, ബ്‌ളോക്ക് പഞ്ചായത്ത് അംഗം ടി.കെ. ഷാജഹാൻ, മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് വി.എം. ശശി, കടുങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എസ്. അജിത്കുമാർ, പി.കെ. തിലകൻ, മനോജ് വാസു എന്നിവർ നേതൃത്വം നൽകി.

വെള്ളിയാഴ്ച്ച ഹൈബി ഈഡൻ ബൂത്തിലെ വോട്ടർമാരെ നേരിൽ സന്ദർശിക്കാനെത്തിയിരുന്നു.