gst-
ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന നേതൃത്വ കൺവെൻഷനും തിരഞ്ഞെടുപ്പും മന്ത്രി തോമസ് ഐസക്ക് ഉദ്‌ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി പി.സി. നടേശൻ, പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, രാജൻ ജെ. തോപ്പിൽ, പി.കെ. അയമുഹാജി, ഐ. ഇസ്‌മയിൽകുട്ടി ഹാജി, അബ്ദുൾ കരിം ഹാജി, പി.വി. തോമസ് എന്നിവർ സമീപം

കൊച്ചി: പുതിയ നികുതിഘടന ഇരുതല വാളാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ആൾ കേരള ഗോൾഡ് ആൻഡ് മർച്ചന്റ്‌സ് അസോസിയേഷന്റെ സംസ്ഥാന നേതൃത്വ കൺവെൻഷൻ എറണാകുളം പി.ടി ചെറിയാൻ സ്വർണ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ നികുതിഘടനയിലൂടെ ഒന്നരക്കോടി രൂപ വരെ വിറ്റുവരെയുള്ള ചെറുകിട വ്യവസായങ്ങൾ അനുമാന നികുതിയിലേക്ക് മാറി. പക്ഷേ, വൻകിടക്കാരിൽ നിന്ന് വലിയ തോതിൽ നികുതി ചോർച്ചയുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നികുതിഘടനയുടെ സാങ്കേതിക സംവിധാനങ്ങളും വിവരങ്ങളും ഇപ്പോഴും പൂർണമായും ലഭ്യമല്ല. ഒമ്പതുകോടി രൂപ നൽകിയിരുന്ന പ്രമുഖ വ്യവസായി പുതിയ നികുതിഘടന വന്നതോടെ 65 ലക്ഷം രൂപ മാത്രമാണ് അസ്സൽ നികുതിയായി നൽകുന്നത്. ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ നിരവധി പ്രശ്‌നങ്ങളുണ്ടാകും.

ചെറുകിട വ്യാപാരികൾക്ക് ഗുണകരമാണെന്ന് പറഞ്ഞാണ് ജി.എസ്.ടി വന്നത്. എന്നാൽ ഒരു നികുതിയും കൊടുക്കാതെ പുറത്തുള്ളവർക്ക് വ്യാപാരമേഖലയിലേക്ക് കടന്നുവരാനുള്ള സൗകര്യമാണ് അതുണ്ടാക്കിയിരിക്കുന്നത്. ഇത് ചെറുകിടക്കാരെ പ്രതികൂലമായി ബാധിക്കും. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല.
സ്വർണവ്യാപാരം കേന്ദ്രീകൃതമായികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പരമ്പരാഗത സ്വർണാഭരണ നിർമാണതൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുകയും ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയും ചെയ്യുകയാണ്. ഇത് മറികടക്കാൻ ഗുണമേന്മയോടെ ഉപഭോക്താക്കളുടെ അഭിരുചിക്കനുസൃതമായി സ്വർണാഭരണങ്ങൾ ആഗോള മാർക്കറ്റിലെത്തിക്കുകയാണ് വേണ്ടത്. കൈ കൊണ്ട് നിർമിക്കുന്ന സ്വർണാഭരണങ്ങളെ ഹൈബ്രാൻഡ് ചെയ്ത് വിൽപ്പന നടത്താൻ കഴിയണം. എങ്കിൽ മാത്രമേ ചെറുകിടക്കാർക്ക് പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് പാലത്ര അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.സി നടേശൻ മുഖ്യപ്രഭാഷണം നടത്തി. ചികിത്സാ സഹായ വിതരണ ഉദ്ഘാടനം കെ.ജെ മാക്‌സി എം.എൽ.എ നിർവഹിച്ചു. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ വി. ഹംസ സെമിനാർ ഉദ്ഘാടനം ചെയ്തു. ഐ.ഈസ്മയിൽകുട്ടി ഹാജി സ്വർണതൊഴിലാളി സഹായം വിതരണം ചെയ്തു. പി.കെ അയമുഹാജി അനുസ്മരണ പ്രഭാഷണം നടത്തി. വർക്കിംഗ് ജനറൽ സെക്രട്ടറി രാജൻ ജെ.തോപ്പിൽ സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് പി.വി തോമസ് നന്ദിയും പറഞ്ഞു.