കൊച്ചി: കേരളത്തിൽ വിനോദസഞ്ചാരികളുടെ മുഖ്യാകർഷണമായ ഹൗസ്ബോട്ടുകളെ മാതൃകയാക്കി തീർത്ഥാടന യാനം രൂപകൽപന ചെയ്ത കുസാറ്റ് വിദ്യാർത്ഥിക്ക് ലണ്ടനിലേക്ക് ക്ഷണം. ലണ്ടനിലെ ദ റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് നേവൽ ആർക്കിടെക്ടറ്റ്സ് മേയ് ഒന്നിന് സംഘടിപ്പിക്കുന്ന പാസഞ്ചർ ഷിപ്പ് അന്താരാഷ്ട്ര സമ്മേളനത്തിലേക്കാ യശ്വന്ത്.ആർ.കമ്മത്തിന് ക്ഷണം. കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ഷിപ്പ് ടെക്നോളജി വിഭാഗത്തിലെ നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് എൻജിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥിയാണ് യശ്വന്ത്.
ഗംഗാ നദിക്ക് യോജിച്ച തീർത്ഥാടന യാനത്തിന്റെ രൂപരേഖ ആണ് യശ്വന്ത് തയ്യാറാക്കിയത്. ഇന്ത്യയുടെ ജലപാതകളിൽ തീർത്ഥാടനയാനങ്ങളുടെ സാധ്യത പുറത്തുകൊണ്ടുവരുന്നതാണ് യശ്വന്തിന്റെ പഠനം. യശ്വന്ത് തന്റെ അദ്ധ്യാപകൻ ഡോ. കെ. ശിവപ്രസാദുമൊത്ത് എഴുതിയ പേപ്പറിനാണ് ഈ അപൂർവ അംഗീകാരം. യാത്രാച്ചെലവും മറ്റു സൗകര്യങ്ങളും കുസാറ്റ് ഒരുക്കും. മറ്റ് ചെലവുകൾക്കായി കുസാറ്റിലെ പൂർവ്വവിദ്യാർത്ഥികളുടെ ലണ്ടനിലെ കൂട്ടായ്മയും യശ്വന്തിന് ഒപ്പമുണ്ട്. തിരുവനന്തപുരം സ്വദേശിയായ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ രഞ്ജിത് കുമാറിന്റെയും ഡോ. പ്രമദയുടെയും മകനാണ് യശ്വന്ത്.
യാനത്തിന്റെ പ്രത്യേകതകൾ
30 മീറ്റർ നീളവും 5 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവും
സൗരോർജ്ജ പാനലുകൾ, ഇലക്ട്രിക് ചാലനം
ആകെ സഞ്ചാരികൾ - 18
ജീവനക്കാർ - 8 (പൂജാരിയും സഞ്ചാരസഹായിയും ഉൾപ്പെടെ)
ശ്രീകോവിൽ (പൂജാരിയുടെ സഹായം)
സൂര്യാരാധനയ്ക്കുള്ള സൺഡെക്ക്
ആരാധനാലയങ്ങളെ നോക്കി നിൽക്കുന്നതിന് സഹായിക്കുന്ന നാവിഗേഷണൽ സഹായ ഉപകരണങ്ങൾ
പ്രത്യേകമായി സജ്ജീകരിച്ച ശുചിമുറികളും ഫയർ പ്രൊട്ടക്ഷനും
"മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്ന തീർത്ഥാടനയാനങ്ങളുടെ പുനരാവിഷ്കരണമാകും ഇത്. ജലപാതകളിലൂടെയുള്ള സഞ്ചാരത്തിന് കോട്ടം തട്ടിയതിനാൽ പിന്നീട് തീർത്ഥാടനയാനങ്ങൾക്ക് ജനപ്രീതി നഷ്ടപ്പെട്ടു. പുതിയ കാലത്ത് ഇതിന് ഒരുപാട് ടൂറിസം സാധ്യതകളുമുണ്ട്"
പ്രൊഫ. ഡോ.കെ.ശിവപ്രസാദ്
ഷിപ്പ് ടെക്നോളജി വിഭാഗം
കുസാറ്റ്