പറവൂർ : മാല്യങ്കരയിലെ മനുഷ്യക്കടത്ത് വിവാദത്തെ തുടർന്ന് പ്രതിസന്ധിയിലായ ബോട്ട് നിർമ്മാണം പുനരാരംഭിച്ചു. ആധുനിക സംവിധാനങ്ങളോടെയുള്ള യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ നിർമ്മാണമാണ് രണ്ട് മാസത്തിലധികമായി തടസപ്പെട്ടത്. സർക്കാരും ഫിഷറീസ് വകുപ്പും ബോട്ടുകളുടെ നിർമാണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നൂറുകണക്കിന് ബോട്ട് തൊഴിലാളികളെ ഇത് ബാധിച്ചതിനെ തുടർന്ന് അധികൃതർ ചില ഇളവുകൾ അനുവദിക്കുകയായിരുന്നു. യാർഡുകളിലാണ് ബോട്ടുകളുടെ നിർമ്മാണം .എങ്കിലും
മാല്യങ്കര മേഖല ഇപ്പോഴും കർശന പൊലീസ് നിരീക്ഷണത്തിലാണ്.
ആധുനിക സംവിധാനങ്ങളോടെ ബോട്ട് നിർമ്മിക്കാൻ രണ്ടു കോടി രൂപയോളം ചെലവ് വരും. മറ്റു സ്ഥലങ്ങളിലുള്ളവരാണ് ബോട്ട് നിർമ്മിച്ച് കൊണ്ടുപോകുന്നത്. മുനമ്പം കേന്ദ്രീകരിച്ചായിരുന്നു ബോട്ട് നിർമ്മാണം കൂടുതലായും നടന്നിരുന്നത്. പിന്നീട് മാല്യങ്കരയിലും യാർഡുകൾ വന്നു. വമ്പന്മാർ ബിനാമി ഇടപാടിലൂടെ ഈ മേഖലയിലേക്ക് തിരിഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. വർഷങ്ങൾക്ക് മുമ്പ് തമിഴ് പുലികൾക്ക് വേണ്ടിമുനമ്പത്ത് ബോട്ടു നിർമ്മാണം നടക്കുന്നുവെന്ന് ആരോപണമുണ്ടായി.അന്ന് ചില ബോട്ടുകൾ പിടിച്ചെടുക്കുകയും യാർഡുകൾക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തു. . കായലിനോട് ചേർന്നുള്ള സ്ഥലത്ത് താൽക്കാലിക ഷെഡിലാണ് ബോട്ട് നിർമാണം. നേരത്തെ ബോട്ട് നിർമ്മാണത്തിന് മരഉരുപ്പടികളാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. പുതിയ ബോട്ടുകൾ പൂർണ്ണമായും ഇരുമ്പു കൊണ്ടാണ് നിർമ്മിക്കുന്നത്. ഇരുമ്പു കൊണ്ട് ചട്ടകൂട്ടുണ്ടാക്കുകയാണ് ആദ്യഘട്ടം. പിന്നീട് ഇരുമ്പുപാളികൾ കൊണ്ട് പൊതിയും. വിദേശത്തു നിന്ന് ശക്തിയുള്ള എൻജിനുകൾ വരുത്തിയാണ് ബോട്ടുകളിൽ ഘടപ്പിക്കുന്നത്. ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിന് വിദഗ്ദരായ തൊഴിലാളികൾ യാർഡുകളിലുണ്ട്.
ബോട്ടുകൾക്ക് വൻ ഡിമാന്റ്.
നിർമ്മിക്കുന്നത് മുനമ്പത്തുകാരായ വിദഗ്ദ്ധ തൊഴിലാളികൾ
കൃത്യതയാർന്ന കണക്ക്
ബോട്ടിന്റെചട്ടക്കൂട് നിർമ്മാണത്തിലും വൈദഗ്ദ്ധ്യം
കടലിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനാകുമെന്ന പ്രത്യേകത