gst

മുംബയ്: ജി.എസ്.ടി തട്ടിപ്പിന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുക്കാൻ നീക്കം. വ്യാജ ബില്ലുകളും മറ്റും ഉപയോഗിച്ച് ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് ആനുകൂല്യം നേടിയെടുക്കാൻ തട്ടിപ്പ് വ്യാപകമാകുന്നത് കണക്കിലെടുത്താണ് കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ ഈ ശുപാർശ.

2018 ഡിസംബർ വരെ ഒരു വർഷം വ്യാജ ബില്ലുകൾ ഉപയോഗിച്ച് 4000 കോടി രൂപയുടെ ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് ആനുകൂല്യം തട്ടിയെടുത്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. വ്യാജ കമ്പനികളാണ് പ്രധാന തട്ടിപ്പുകാർ.

ചരക്ക് നൽകാതെ 24000 കോടി രൂപയുടെ ബില്ലു മാത്രം നൽകി കഴിഞ്ഞ വർഷം തട്ടിപ്പ് നടന്നത് ജി.എസ്.ടി ഇന്റലിജൻസ് ഡയറക്ടർ ജനറൽ കണ്ടെത്തിയിരുന്നു.

സംസ്ഥാന തലത്തിൽ വ്യാപകമായ തോതിൽ ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് തട്ടിപ്പ് നടക്കുന്നതായാണ് കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ പഠനറിപ്പോർട്ട്.

ജി.എസ്.ടി നിയമം കൊണ്ട് മാത്രം ഇത്തരം തട്ടിപ്പ് നിയന്ത്രിക്കാനാവത്തതുകൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യത്തിന്റെ ഗണത്തിലേക്ക് ജി.എസ്.ടി തട്ടിപ്പിനെ കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ജി.എസ്.ടി തട്ടിപ്പ് രീതി

ബില്ല് മാത്രം എഴുതിയുണ്ടാക്കി ചരക്ക് നൽകിയതായി രേഖയുണ്ടാക്കുന്നു. മുകൾ തട്ടിൽ നിന്ന് അവസാന തലം വരെ ബില്ലു മാത്രമാണ് സഞ്ചരിക്കുന്നത്. ചരക്ക് ഇല്ല. അവസാന തലത്തിൽ വ്യാജ കമ്പിനകളാകും ഉണ്ടാകുക. ഇവർ ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് എഴുതി വാങ്ങും. ഇങ്ങിനെ ലഭിക്കുന്നത് കള്ളപ്പണമാണ്. ജി.എസ്.ടി ആക്ടിന്റെ ലംഘനമാണിത്.