alancherry

 പുറത്തുവന്നത് വ്യാജരേഖകൾ

കൊച്ചി: സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയു‌ടേതായി പുറത്തുവന്ന ബാങ്ക് രേഖകൾ വ്യാജമാണെന്നും രഹസ്യ അക്കൗണ്ടുകളില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തൃക്കാക്കര, എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്‌റ്റർ ചെയ്‌ത കേസിൽ കൊച്ചി സിറ്റി പൊലീസ് കൺട്രോൾ റൂം അസി. കമ്മിഷണർ വിദ്യാധരനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടേതെന്ന് അവകാശപ്പെട്ട ഏതാനും ബാങ്ക് രേഖകൾ സഭയുടെ മുൻ പി.ആർ.ഒയും ഇംഗ്ളീഷ് സത്യദീപം ചീഫ് എഡിറ്ററുമായ പോൾ തേലക്കാടിന് ലഭിച്ചു. ഇത് സഭയുടെ ഭരണപരമായ ചുമതലയുള്ള അപ്പോസ്‌തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറി. രേഖകൾ സിനഡിന് മുമ്പാകെ സമർപ്പിച്ചതോടെ തന്റെ പേരിലുള്ളത് വ്യാജരേഖയാണെന്ന് കർദ്ദിനാൾ അറിയിച്ചു. ഇതോടെ വ്യാജരേഖയുണ്ടാക്കിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സിനഡ് തൃക്കാക്കര പൊലീസിൽ ആദ്യം പരാതി നൽകി. ഈ കേസിൽ പോൾ തേലക്കാടാണ് ഒന്നാം പ്രതി.
വ്യാജരേഖകൾ കഴിഞ്ഞ ജനുവരി ഏഴിലെ സിനഡിൽ ചർച്ചയായത് കർദ്ദിനാളിനെ അപമാനിക്കാനാണെന്ന് കാട്ടി സഭയുടെ ഐ.ടി.മിഷൻ ഡയറക്‌ടർ ഫാ. ജോബി മാപ്രാകാവിലിൽ സെൻട്രൽ പൊലീസിൽ മറ്റൊരു പരാതിയും നൽകി. ബിഷപ്പ് ജേക്കബ് മനത്തോടം, പോൾ തേലക്കാട്ട് എന്നിവർക്കെതിര കേസെടുക്കണമെന്നായിരുന്നു ആവശ്യം. ഈ കേസിൽ ബിഷപ്പ് മനത്തോടം ഒന്നാം പ്രതിയും ഫാ. പോൾ തേലക്കാട് രണ്ടാം പ്രതിയുമാണ്. ഈ കേസുകൾ പിന്നീട് ഒരുമിച്ച് കൺട്രോൾ റൂം അസി. കമ്മിഷണർ അന്വേഷിക്കുകയായിരുന്നു. വ്യാജരേഖ ചമച്ചവരെ ഇതുവരെ കണ്ടെത്താനായില്ല. രഹസ്യ അക്കൗണ്ടിലൂടെ സഭയുടെ ഭൂമിയിടപാടുകൾ നടത്തിയെന്നായിരുന്നു കർദ്ദിനാളിനെതിരെ ഉയർന്ന ആരോപണം.