ആലുവ: വിദ്യാലയം ഭവനമാണെന്നും പ്രഥമദ്ധ്യാപിക മാതാവാണെന്നും ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന മദ്യലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ആശങ്കാജനകമാണെന്നും ആത് തടയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ റെസിഡൻസ് അസോസിയേഷനുകളുടെ ഐക്യവേദിയായ യൂണിയൻ ഓഫ് റസിഡൻസ് അസോസിയേഷന്റെ (യൂറ) ഏകദിന സർഗസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. സി.എ. ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. യൂറ പ്രസിഡന്റ് റവ. ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌കോപ്പ, ജനറൽ സെക്രട്ടറി പി.സി. ബെന്നി, പി.എ. ആരിഫ്, കെ.കെ. ഖദീജ ടീച്ചർ, ടി.എ. ജോയി എന്നിവർ പ്രസംഗിച്ചു.
കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌കോപ്പയെ ആദരിച്ചു.
മദ്യ മയക്കുമരുന്നുകളുടെ തിക്താനുഭവങ്ങൾ വിശദീകരിക്കുന്ന ഓട്ടൻ തുള്ളൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി. ജയരാജ് അവതരിപ്പിച്ചു. വിവിധ റസിഡന്റ്സ് അസോസിയേഷനുകളിലെ കലാപ്രതിഭകളുടെ കലാപരിപാടികൾ അരങ്ങേറി.