കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. നടപടികളെല്ലാം പൂർത്തിയാക്കിയ പ്രത്യേക അന്വേഷണ സംഘം പ്രോസിക്യൂഷന്റെ നിയമോപദേശത്തിനായി കാക്കുകയാണ്. അത് ലഭിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ കുറ്റപത്രം സമർപ്പിക്കും. ക്രൂരമായ കസ്റ്റഡി മർദ്ദനത്തിനിരയായി 2018 ഏപ്രിൽ ഒമ്പതിനാണ് വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പിൽ വീട്ടിൽ ശ്രീജിത്ത് കൊല്ലപ്പെട്ടത്. കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്ന് ഒരു വർഷം പിന്നിട്ടെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കുറ്റപത്രം നീട്ടിവച്ചതെന്നായിരുന്നു അന്വേഷണ സംഘം നൽകിയ മറുപടി.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സിലെ (ആർ.ടി.എഫ്) മൂന്ന് ഉദ്യോഗസ്ഥരെ മുഖ്യ പ്രതികളാക്കിയാണ് കുറ്റപത്രം തയാറാക്കിരിക്കുന്നതെന്നാണ് സൂചന. വരാപ്പുഴ മുൻ എസ്.ഐയും പറവൂർ മുൻ സി.ഐയും പ്രതിപ്പട്ടികയിലുണ്ട്. ആർ.ടി.എഫ് അംഗങ്ങളായ പൊലീസുകാർ മർദ്ദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രതികളുടെ മൊബൈൽ ഫോൺ കോളുകളുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ടുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്മഹത്യ കേസുമായി ബന്ധപ്പെട്ടാണ് ഷേണായിപ്പറമ്പ് വീട്ടിൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ആലുവ റൂറൽ എസ്.പിയായിരുന്ന എ.വി ജോർജിന്റെ പ്രത്യേക സ്‌ക്വാഡായ റൂറൽ ടൈഗർ ഫോഴ്‌സായിരുന്നു പിടികൂടിയത്. കൊണ്ടുപോകുന്ന വഴിയിലും തുടർന്ന് സ്റ്റേഷനിലും ശ്രീജിത്ത് ക്രൂരമർദനത്തിനിരയായി. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെയും മർദ്ദനം തുടർന്നുമായിരുന്നു പൊലിസിന്റെ ക്രൂരത.
സംഭവത്തിൽ ശ്രീജിത്ത് നിരപരാധിയായിരുന്നുവെന്ന് ബന്ധുക്കളും ആത്മഹത്യ ചെയ്ത വാസുദേവന്റെ മകനുമടക്കം പൊലിസിനോട് പറഞ്ഞു. വലിയ കോളിളക്കത്തിനാണ് സംഭവം വഴിവച്ചത്. ഗൂഢാലോചനയിൽ പങ്കുള്ളതായി ആരോപണം നേരിട്ട റൂറൽ പൊലീസ് മേധാവിക്കെതിരെ വകുപ്പുതല നടപടി എടുത്തെങ്കിലും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. കേസിൽ ഉൾപ്പെട്ട വരാപ്പുഴ എസ്.ഐ മാസങ്ങളോളം ജയിലിൽ കിടന്നിരുന്നു. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുകയും ചെയ്തു. അതേസമയം, കുറ്റപത്രം വൈകുന്നത് കടുത്ത അനാസ്ഥയാണെന്നാണ് ശ്രീജിത്തിന്റെ കുടുംബം പറയുന്നത്.